ന്യൂദൽഹി: പാ൪ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ലോക്പാൽ ബിൽ, ഭക്ഷ്യസുരക്ഷ ബിൽ എന്നിവയിൽ അന്തിമ ച൪ച്ച നടത്താൻ കേന്ദ്രമന്ത്രിസഭ ഇന്ന് യോഗം ചേരും. വൈകിട്ട് 7.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം.
അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ലോക്പാൽ ബിൽ പാ൪ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ പാസാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ലോക്പാൽ, ഭക്ഷ്യസുരക്ഷാ ബില്ലുകൾ ശീതകാല സമ്മേളനം പിരിയുന്നതിനു മുമ്പ് പാ൪ലമെന്റിൽ അവതരിപ്പിക്കുമെന്നതിന് ആഭ്യന്തരമന്ത്രി പി. ചിദംബരവും ശനിയാഴ്ച ചെന്നൈയിൽ സ്ഥിരീകരണം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാബിൽ ഇത്തവണതന്നെ അവതരിപ്പിക്കുന്നതിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സമ്മ൪ദവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് രണ്ടു ബില്ലുകളെ കുറിച്ചും ച൪ച്ച നടത്താൻ ഇന്ന് മന്ത്രിസഭ ചേരുന്നത്.
22ന് അവസാനിക്കേണ്ട നടപ്പുസമ്മേളനം നീട്ടിയില്ലെങ്കിൽ ലോക്പാൽ ബിൽ പാസാക്കാൻ പ്രയാസമാണ്. അതിനാൽ ഏതാനും ദിവസംകൂടി സമ്മേളനം നീട്ടി ലോക്പാൽ പാസാക്കുന്ന കാര്യം സ൪ക്കാ൪ സജീവമായി പരിഗണിക്കുന്നുണ്ട്.
സി.ബി.ഐയെ ലോക്പാലിനു കീഴിൽ കൊണ്ടുവരുന്നതൊഴികെ, മറ്റെല്ലാ കാര്യങ്ങളിലും സ൪ക്കാറും പ്രതിപക്ഷ കക്ഷികളും ഏതാണ്ട് ഒരേ ചിന്താധാരയിൽ എത്തിയിട്ടുണ്ട്. രാഷ്ട്രീയ പാ൪ട്ടികൾക്കിടയിലെ സ്വരച്ചേ൪ച്ചയുടെ ഈ സന്ദ൪ഭം ഉപയോഗപ്പെടുത്തി ബിൽ പാസാക്കണമെന്ന കാഴ്ചപ്പാടാണ് സ൪ക്കാറിന്. സി.ബി.ഐയുടെ അന്വേഷണ വിഭാഗത്തെക്കൂടി ലോക്പാലിനു കീഴിൽ കൊണ്ടുവന്നാൽ, ക൪ക്കശവും ഫലപ്രദവുമായ ലോക്പാലിനുവേണ്ടി വാദിക്കുന്ന ഹസാരെയും മയപ്പെടും.
പ്രധാനമന്ത്രിയെയും കേന്ദ്രസ൪വീസിലെ താഴേത്തട്ടിലുള്ള ജീവനക്കാരെയും ലോക്പാലിനു കീഴിൽ കൊണ്ടുവരുന്നതിനോടുള്ള എതി൪പ്പ് സ൪ക്കാ൪ ഏറെക്കുറെ ഉപേക്ഷിച്ചിട്ടുണ്ട്. ഉപാധികളോടെ ഇതിന് വഴങ്ങുന്ന കാര്യത്തിൽ, ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം കൂടുതൽ വ്യക്തത നൽകും. പാ൪ലമെന്റിൽ നടക്കുന്ന ച൪ച്ചയെ അടിസ്ഥാനപ്പെടുത്തിയാകും ഈ വ്യവസ്ഥകളിന്മേൽ അന്തിമ തീരുമാനം. സി.ബി.ഐയെ ലോക്പാലിനു കീഴിൽ കൊണ്ടുവരുന്ന കാര്യത്തിലും സഭയിലെ ച൪ച്ചകൾക്ക് അനുസൃതമായി തിരുത്തലുകൾ വരുത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.