മെഡിക്കല്‍ കോളജ് ജങ്ഷനില്‍ യാത്രാദുരിതം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ജങ്ഷനിലെ ഗതാഗതപരിഷ്കരണം  ദുരിതമാകുന്നു. മുറിഞ്ഞപാലത്ത് പുതിയപാലം നി൪മിക്കുന്നതിനായി പട്ടം -മുറിഞ്ഞപാലം -മെഡിക്കൽ കോളജ് റോഡിലെ വാഹനഗതാഗതം നി൪ത്തിയത് മെഡിക്കൽ കോളജ് ജങ്ഷനിൽ വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ദുരിതം ഇരട്ടിയാക്കി.
 മുറിഞ്ഞപാലത്തെ പഴയപാലം പൊളിച്ചതോടെ നഗരത്തിൻെറ വിവിധ പ്രദേശങ്ങളിൽ നിന്ന് മെഡിക്കൽ കോളജിലെത്താനുള്ള യാത്രാക്ളേശത്തിന് പുറമെയാണ് ആശുപത്രി ജങ്ഷനിൽ ഇപ്പോൾ രോഗികളും ജനങ്ങളും യാത്രക്കാരും നേരിടുന്ന പ്രതിസന്ധി.
 ഉള്ളൂ൪, ചാലക്കുഴി, പഴയറോഡ്, കുമാരപുരം എന്നീ റോഡുകൾ സംഗമിക്കുന്ന മെഡിക്കൽ കോളിൽ ഗതാഗതപരിഷ്കരണവും വാഹനങ്ങൾ  തിരിച്ചുവിടലും നടക്കുന്നുണ്ടെങ്കിലും ഓഫിസ്, സ്കൂൾ  സമയങ്ങളിൽ ആവശ്യത്തിന് ഹോം ഗാ൪ഡുകളോ ട്രാഫിക് പൊലീസുകാരോ ഇല്ല.
നിലവിൽ മെഡിക്കൽ കോളജിൽ നിന്ന് ചാലക്കുഴി റോഡിലേക്കുള്ള വാഹനഗതാഗതം തടഞ്ഞ് ഈ റോഡിനെ താൽകാലികമായി ‘വൺവേ’ ആക്കിയതും ജനത്തിന് ഇരുട്ടടിയായിരിക്കുകയാണ്.
പട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ മെഡിക്കൽ കോളജിലെത്താൻ ചാലക്കുഴി റോഡ് ഉപയോഗപ്പെടുത്താമെങ്കിലും ഈ റോഡിലെ കഞ്ഞിവിൽപനയും ഇളനീ൪ കച്ചവടവും  ഗതാഗതത്തിന്  തടസ്സമാകുന്നതായി പരാതിയുണ്ട്.
വ൪ഷങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളജിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തകരാറിലായത് ഇതുവരെ  പുനഃസ്ഥാപിക്കാത്തതാണ് ഗതാഗതം താറുമാറാകാനുള്ള കാരണമായി പറയുന്നത്.
ദൂരസ്ഥലങ്ങളിൽ നിന്ന് അപകടങ്ങളിലും മറ്റ് ദുരിതങ്ങളിലുംപെട്ട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പലപ്പോഴും മെഡിക്കൽ കോളജ് ജങ്ഷൻ പരിസരത്ത് ഏറെ സമയം ഗതാഗതസ്തംഭനത്തിൽ കുടുങ്ങിപ്പോകുന്നത് ഇപ്പോൾ നിത്യസംഭവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.