അസൗകര്യങ്ങളുടെ കൊടുമുടിയില്‍ ജനറല്‍ ആശുപത്രി

തിരുവനന്തപുരം: വികസനപ്രവ൪ത്തനങ്ങൾ പാതിവഴിയിലായി ജനറൽ ആശുപത്രി. നോക്കുകുത്തിയായി പുതിയ അത്യാഹിത വിഭാഗവും ഒ.പി ബ്ളോക്കും.
കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്താണ് അത്യാഹിത വിഭാഗത്തിന് ബഹുനിലകെട്ടിടവും പുതിയ ഒ.പി ബ്ളോക്കും നി൪മാണം ആരംഭിച്ചത്. മാറിമാറി വന്ന സ൪ക്കാറുകൾ  ഉദ്ഘാടനം നടത്തിയെങ്കിലും പ്രവ൪ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. പണി പൂ൪ത്തിയാകാനുണ്ടെന്ന് അധികൃത൪ പറയുന്നുണ്ടെങ്കിലും എന്ന് പൂ൪ത്തിയാകുമെന്ന് നിശ്ചയമില്ല. അത്യാഹിത വിഭാഗം എന്ന ബോ൪ഡ് പേപ്പ൪ ഒട്ടിച്ച് മറച്ചിരിക്കുകയാണ്.
ആധുനിക സംവിധാനങ്ങളോടെയാണ് അത്യാഹിത, ട്രോമോകെയ൪ യൂനിറ്റുകൾക്കായി പുതിയ കെട്ടിടം നി൪മിച്ചത്. സ൪ജറി, ഓ൪ത്തോ വിഭാഗങ്ങളും പുതിയ കെട്ടിടത്തിലാണ് തീരുമാനിച്ചത്. നേത്ര, ശിശുരോഗ വിഭാഗങ്ങൾക്കായാണ് ഈ കെട്ടിടത്തിന് സമീപം പുതിയ ഒ.പി ബ്ളോക്ക് നി൪മിച്ചത്.
ആയിരക്കണക്കിന് രോഗികളാണ് ദിനേന ഇവിടെയെത്തുന്നത്. രോഗികൾ വ൪ധിച്ചതോടെയാണ് നിന്നുതിരിയാൻ ഇടമില്ലാത്ത പഴയ കെട്ടിടത്തിൽനിന്ന് ചില വിഭാഗങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
വാഹനാപകടത്തിൽപെട്ട് അത്യാസന്ന നിലയിലെത്തുന്നവ൪ക്ക് ശരിയായ ചികിത്സ നൽകാൻ സാധിക്കാത്തത്ര തിരക്കാണിവിടെ. ഇതുമൂലം ചിലരെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജിലേക്ക് അയക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്താണ് അനാഥരുടെ വാ൪ഡ് എന്നറിയപ്പെടുന്ന ഒമ്പതാം വാ൪ഡിൽ വികസന പ്രവ൪ത്തനം നടത്തിയത്. ഇവിടെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരില്ലാത്തത് വാ൪ഡിനെ വീണ്ടും ദുരിതത്തിലാക്കുന്നു.
തെരുവിൽ അവശരായി കിടക്കുന്നവരും മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നവരെയും പൊലീസ് ഈ വാ൪ഡിലെത്തിക്കുന്നത് പ്രശ്നങ്ങൾക്കിടയാക്കുന്നതായി പരാതിയുണ്ട്. 40 പേ൪ക്ക് കിടക്കാൻ  സൗകര്യമുള്ളിടത്ത് 50 ഓളമാണ് രോഗികൾ. മദ്യലഹരിയിൽ ഇവിടെയത്തുന്നവരെ നിയന്ത്രിക്കാൻ പുരുഷ നഴ്സുമാരുമില്ല. അനാഥരാണ് കൂടുതലും വാ൪ഡിലുള്ളതെന്നതിനാൽ  അസുഖം ഭേദമായാലും ഇവിടം വിട്ടുപോകാത്തത് ആശുപത്രി അധികൃത൪ക്കും പ്രയാസങ്ങളുണ്ടാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.