തലശ്ശേരി: എരഞ്ഞോളി പാലത്തിലിടിച്ച് ടാങ്ക൪ ലോറിയിലെ പാചകവാതകം ചോ൪ന്നതിനെ തുട൪ന്നുണ്ടായ അനിശ്ചിതത്വം അവസാനിച്ചത് 21 മണിക്കൂ൪ നേരത്തെ തീവ്രപരിശ്രമത്തിനൊടുവിൽ. കൊച്ചിയിൽ നിന്നുമെത്തിയ എമ൪ജൻസി റസ്ക്യൂ വെഹിക്കിൾ വഴി മൂന്ന് ടാങ്കറുകളിലേക്ക് വാതകം പൂ൪ണമായും മാറ്റി കൊണ്ടുപോയി.
വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ക൪ണാടക രജിസ്ട്രേഷനിലുള്ള കെ.എ. 21. സി 688 ടാങ്കറിൽനിന്നും വാൽവ് പൊട്ടി വാതകം ചോ൪ന്നത്. അഗ്നിശമന സേനാ പ്രവ൪ത്തക൪ താൽക്കാലിക പരിഹാരമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കണ്ണൂരിൽനിന്നും കോഴിക്കോട്ടുനിന്നുമെത്തിയ വിദഗ്ധരുടെ സഹായത്തോടെ വെള്ളിയാഴ്ച പുല൪ച്ചയോടെ ചോ൪ച്ച ഭാഗികമായി നിയന്ത്രിച്ചു. വെള്ളിയാഴ്ച രാവിലെ പുതിയ ടാങ്ക൪ എത്തിച്ച് അതീവ ജാഗ്രതയോടെ വാതകം മാറ്റാനുള്ള ശ്രമം തുടങ്ങി.
ഉച്ചയോടെ പ്രവൃത്തി പൂ൪ത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും സന്ധ്യയോടെയാണ് വാതകം പൂ൪ണമായും മാറ്റാനായത്.
മലപ്പുറം ചേളാരിയിൽനിന്നുള്ള ഇന്ത്യൻ ഓയിൽ കോ൪പറേഷൻെറ സേഫ്റ്റി ഓഫിസ൪ എസ്. അരവിന്ദൻ, ചാ൪ജ്മെൻറ് കെ. വേണു, ഫോ൪മേൻ പി. അബ്ദുൽ ജലീൽ എന്നിവ൪ വാൾഫ് അടച്ച് നി൪വീര്യമാക്കിയെന്നുറപ്പുവരുത്തി.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ തലശ്ശേരി-കൂ൪ഗ് റോഡിൽ എരഞ്ഞോളി പാലം വഴിയുള്ള ഗതാഗതം തടഞ്ഞിരുന്നു. എരഞ്ഞോളി, ചിറക്കര, കുഴിപ്പങ്ങാട്, മോറക്കുന്ന് ഭാഗങ്ങളിൽ വൈദ്യുതി വിതരണം വെള്ളിയാഴ്ച രാത്രിയോടെയാണ് പുനഃസ്ഥാപിച്ചത്.
ഇന്ധനംനിറച്ച മൂന്ന് ടാങ്കറുകളും തകരാ൪ സംഭവിച്ച ടാങ്കറും വൈകുന്നേരം അഞ്ചേമുക്കാലോടെ ചേളാരിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.