ഫാര്‍മസിസ്റ്റുകളല്ലാത്തവരുടെ മരുന്നു വിതരണം: മനുഷ്യാവകാശ കമീഷന് പരാതി

കണ്ണൂ൪: ഫാ൪മസിസ്റ്റുകളല്ലാത്തവ൪ ജില്ലയിലെ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും മരുന്ന് വിതരണം നടത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന് പരാതി. പാപ്പിനിശ്ശേരി സ്വദേശിയാണ് അടിയന്തര നടപടിയാവശ്യപ്പെട്ട് പരാതി നൽകിയത്.
ജില്ലയിലെ ഏഴ് താലൂക്ക് ആശുപത്രികളും 12 കമ്യൂണിറ്റി ഹെൽത്ത്  സെൻററുകളും 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമടക്കം 165 ആശുപത്രികളാണുള്ളത്. ഇവയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, ബ്ളോക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു ഫാ൪മസിസ്റ്റ് മാത്രമാണുള്ളത്. ഇത് ആവശ്യമുള്ളതിൻെറ നാലിലൊന്നു മാത്രമാണ്. അതുകൊണ്ടുതന്നെ മരുന്ന് കഴിക്കുന്നതടക്കം രോഗിക്ക് പറഞ്ഞു കൊടുക്കുകയും കൗൺസലിങ് നടത്തുകയും ചെയ്യാനുള്ള സാവകാശം ഫാ൪മസിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. പല ആശുപത്രികളിലും അറ്റൻഡ൪മാരാണ് മരുന്നുകൾ എടുത്തുകൊടുക്കുന്നത്.
മെഡിക്കൽ കോളജുകൾ റഫറൽ ആക്കിയതിൻെറ ഭാഗമായി ജില്ലാ ആശുപത്രി ഉൾപ്പെടെ താലൂക്ക്, കമ്യൂണിറ്റി, പ്രൈമറി ഹെൽത്ത് സെൻററുകളിൽ തിരക്ക് പതിന്മടങ്ങ്  വ൪ധിച്ചിട്ടുണ്ട്. രോഗികൾക്ക് മരുന്ന് നൽകാനെടുക്കേണ്ട കുറഞ്ഞ സമയം നാലു മിനിറ്റാണ്. കൂടാതെ മരുന്ന് സംഭരണം, സൂക്ഷിക്കൽ, വിതരണം, കണക്കുസൂക്ഷിക്കൽ എന്നീ ജോലികൾ കൂടിയാകുമ്പോൾ ഫാ൪മസിസ്റ്റുകൾക്ക് നിന്നുതിരിയാൻ സമയമില്ലാത്ത അവസ്ഥയാണ്.
1961ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ ആദ്യ 75 ബെഡുകൾക്ക് ഒരു ഫാ൪മസിസ്റ്റ്, ആദ്യത്തെ 300 ഒ.പിക്ക് ഒന്ന്, പിന്നീടുള്ള 200 ഒ.പി ഒന്നുവീതം എന്നാണ് കണക്ക്. എന്നാൽ, ജില്ലാ ആശുപത്രിയിലടക്കം ഇത് പാലിക്കുന്നില്ളെന്നും ഇതുകാരണം രോഗികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഒഴിവുകൾ നികത്താൻ ജില്ലാ മെഡിക്കൽ ഓഫിസ൪ വിമുഖത കാണിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ  ജില്ലാ മെഡിക്കൽ ഓഫിസ൪മാ൪ ഇടപെട്ട് കൂടുതൽ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ശിപാ൪ശ നൽകിയിരുന്നു. കണ്ണൂ൪, കാസ൪കോട് ജില്ലകളിൽ ഇതിനുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ളെന്ന് മാത്രമല്ല, റാങ്ക് ലിസ്റ്റ് പരിഗണിക്കാതെ താൽക്കാലികാടിസ്ഥാനത്തിൽ ചിലരെ നിയമിക്കുകയാണ് ചെയ്തത്. എൻ.ആ൪.എച്ച്.എം പദ്ധതി വഴി ഫാ൪മസിസ്റ്റുകളല്ലാത്തവരെയും നിയമിക്കുന്നുണ്ട്. മരുന്നുകൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുകാരണംനിരവധി അപകടങ്ങളുണ്ടായതും കമീഷനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.