ഇരു വൃക്കകളും തകരാറിലായ നിര്‍ധന യുവതി സഹായം തേടുന്നു

തലശ്ശേരി: രണ്ടു വൃക്കകളും തകരാറിലായ നി൪ധന കുടുംബത്തിലെ യുവതി സുമനസ്സുകളുടെ കരുണ തേടുന്നു. തലശ്ശേരി വടക്കുമ്പാട് മീത്തലെ കടുവെങ്കിൽ സീതയുടെ മൂത്തമകൾ രേഷ്മ (27)യാണ് സഹായം തേടുന്നത്. നാല് വ൪ഷം മുമ്പാണ് അസുഖം ശ്രദ്ധയിൽപെട്ടത്. എട്ടാം ക്ളാസിൽ പഠനം നി൪ത്തി എരഞ്ഞോളിയിലെ കശുവണ്ടി കമ്പനിയിൽ തൊഴിലെടുക്കവേയാണ് രോഗം കീഴ്പ്പെടുത്തുന്നത്.
കോഴിക്കോട്ടും മംഗലാപുരത്തും ദീ൪ഘ ചികിത്സ നടത്തി സാമ്പത്തികമായി തക൪ന്നിരിക്കുകയാണ് ഈ കുടുംബം. രണ്ടുമാസം മുമ്പ് കൈകാലുകൾ തള൪ന്ന് ഒരേ കിടപ്പിലായ അവസ്ഥയിലായിരുന്നു രേഷ്മ. ഇതോടെ കൂലിപ്പണിക്ക് പോയിക്കൊണ്ടിരുന്ന അമ്മ സീതക്ക് മകൾക്ക് കൂട്ടിരിക്കേണ്ടിവന്നു. രണ്ടാനച്ഛൻ വാസു കൂലിപ്പണിക്ക് പോയി കിട്ടുന്നതാണ് കുടുംബത്തിൻെറ ഏക വരുമാനം. ആഴ്ചയിൽ നടത്തുന്ന രണ്ട് ഡയാലിസിസാണ് ഇപ്പോൾ രേഷ്മയുടെ ജീവൻ കാക്കുന്നത്.
ഒരാഴ്ച ഡയാലിസിസ് നടത്താൻ തന്നെ ആയിരങ്ങൾ വേണം. ഇതേ വരെയായി നാട്ടുകാ൪ സഹായിച്ച് 12 എണ്ണം നടത്തി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഭവനപദ്ധതിയിലുൾപ്പെടുത്തി നി൪മിച്ച ചെറിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല. രേഷ്മക്ക് താഴെ അനുജത്തിയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് അനിയൻമാരുമുണ്ട്. ബ്രണ്ണൻ കോളജിൽ പി.ജിക്ക് പഠിക്കുന്ന സഹോദരിയുടെ പഠനചെലവ് അധ്യാപകനും വിദ്യാ൪ഥി സുഹൃത്തുക്കളുമാണ് വഹിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ശ്രീകലയും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോ. മധുസൂദനനുമാണ് ഇപ്പോൾ ചികിത്സിക്കുന്നത്. കുടുംബത്തെ സഹായിക്കാനായി തലശ്ശേരി വിജയ ബാങ്കിൽ നാട്ടുകാ൪ മുൻകൈയെടുത്ത് അക്കൗണ്ട് തുറന്നിട്ടുണ്ട് (നമ്പ൪:                  203601011001088). തക൪ന്നുകൊണ്ടിരിക്കുന്ന ജീവിതം സുമനസ്സുകളുടെ സഹായത്തോടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് രേഷ്മയും അമ്മയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.