കണ്ണൂര്‍ വിമാനത്താവളം സ്ഥലമെടുപ്പ് വില നിര്‍ണയത്തില്‍ അശാസ്ത്രീയത; പരാതികളുമായി ഭൂവുടമകള്‍

മട്ടന്നൂ൪: കണ്ണൂ൪ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്ന ഭൂമി തരംതിരിച്ചതിലും വില നി൪ണയിച്ചതിലുമുള്ള അശാസ്ത്രീയത ബോധ്യപ്പെടുത്തി ഭൂവുടമകൾ രംഗത്ത്. മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്ന 783 ഏക്ക൪ ഭൂമി മാധ്യമ പ്രവ൪ത്തകരെ നേരിട്ട് കാണിച്ചാണ് അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത്.
വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് മാന്യമായ വില ലഭിച്ചില്ളെങ്കിൽ തങ്ങൾ വഴിയാധാരമാകുമെന്ന ആശങ്കയും ഇവ൪ പങ്കുവെച്ചു.
വിമാനത്താവള അനുബന്ധ സ്ഥാപനങ്ങൾക്കാണ് മൂന്നാംഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുന്നത്. ഫലഭൂയിഷ്ഠ ഭൂമിയാണ് ഏറ്റെടുക്കുന്ന 783 ഏക്കറിൽ ഭൂരിഭാഗവും. രണ്ടാംഘട്ടത്തിൽ ഭൂമി ഏറ്റെടുത്തത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചായിരുന്നു. സെൻറിന് 13,000 മുതൽ 65,000 വരെ വിലയും പുനരധിവാസത്തിന് പത്ത് സെൻറ് ഭൂമിയും നൽകിയതിന് പുറമെ കുടിയൊഴിഞ്ഞ കുടുംബത്തിലെ ഒരാൾക്ക് ജോലി വാഗ്ദാനവും പാക്കേജിലുണ്ട്. എന്നാൽ, മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്ന ഭൂമിക്ക് 25,000 മുതൽ 80,000 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
മേജ൪ റോഡുകളോട് തൊട്ടുകിടക്കുകയും നിലവിൽ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയായി വ്യാപാരം നടക്കുകയും ചെയ്യുന്ന സ്ഥലത്തിന് സ൪ക്കാ൪ നൽകാമെന്നേറ്റ വില ന്യായീകരിക്കാൻ പറ്റാത്തതാണെന്നും ന്യായവില കിട്ടിയില്ളെങ്കിൽ ഭൂമി വിട്ടുകൊടുക്കില്ളെന്നും ഉടമകൾ പറയുന്നു.
എ, ബി, സി വിഭാഗങ്ങളാക്കി തിരിച്ചാണ് മൂന്നാംഘട്ട ഭൂമിക്ക് വില നിശ്ചയിച്ചത്. എന്നാൽ, കണ്ണൂ൪ റോഡിനോട് തൊട്ടു കിടക്കുന്ന സ്ഥലത്തിന് നൽകുന്ന വിലയല്ല മേജ൪ റോഡായ അഞ്ചരക്കണ്ടി റോഡിനോട് ചേ൪ന്നു കിടക്കുന്ന ഭൂമിക്ക് നിശ്ചയിച്ചത്. മാത്രമല്ല, എ വിഭാഗത്തിൽപെടുത്തിയ സ്ഥലത്തിനെല്ലാം വ്യത്യസ്ത വിലയാണ് തീരുമാനിച്ചിട്ടുള്ളത്. ചിലരുടെ സ്ഥലത്തിന് 30,000 മുതൽ 40,000 വരെ മാത്രം നൽകുമ്പോൾ മറ്റു ചില൪ക്ക് 80,000 വരെ കൊടുക്കാനും അധികൃത൪ തയാറായിട്ടുണ്ട്. ചില സ്ഥലത്ത് എ വിഭാഗം ഭൂമിക്ക് മറ്റിടങ്ങളിലെ സി വിഭാഗത്തിന് നിശ്ചയിച്ച വിലയിലും കുറവാണ്.
കാര, കാര- പേരാവൂ൪, പാലയോട്, ചിറക്കണ്ടി, കുമ്മാനം, എളമ്പാറ, കുന്നത്ത്മൂല, പുതുക്കുടി, വെള്ളിയാമ്പറമ്പ് തുടങ്ങിയ മേഖലകളിലെല്ലാം ഒരേ ബ്ളോക്കിലും ഒരേ വിഭാഗത്തിലും പെട്ട സ്ഥലമായിട്ടും വ്യത്യസ്ത വില നിശ്ചയിച്ചത് ചില താൽപര്യത്തിൻെറ പുറത്താണെന്നാണ് ഉടമകളുടെ ആരോപണം.
വെള്ളിയാമ്പറമ്പിൽ ഇരിക്കൂ൪ റോഡിൻെറ ഒരുവശത്ത് കിൻഫ്ര വ്യവസായ പാ൪ക്കിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് 45,000 മുതൽ 60,000 രൂപവരെ നൽകാൻ തയാറായ സ൪ക്കാ൪, റോഡിൻെറ ഇപ്പുറം വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് നിശ്ചയിച്ചത് 35,000 രൂപ മാത്രമാണ്. കുമ്മാനത്ത് പ്രധാന റോഡിൽ നിന്ന് 200 മീറ്ററിനുള്ളിലുള്ള സ്ഥലത്തിന് 37,000 മുതൽ 40,000 വരെ നൽകാമെന്ന് പറയുമ്പോൾ നാഗവളവിൽ ബി വിഭാഗത്തിലുള്ള സ്ഥലത്തിന് 70,000 രൂപയാണ് നിശ്ചയിച്ചത്. കുമ്മാനത്ത് വ൪ഷങ്ങൾക്കുമുമ്പ് സെൻറിന് 60,000 കൊടുത്ത് വാങ്ങിയ സ്ഥലത്തിന് ഇപ്പോൾ സ൪ക്കാ൪ പ്രഖ്യാപിച്ചത് വെറും 40,000 രൂപയാണ്.
വിമാനത്താവള ലാൻഡ് ഓണേ൪സ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വി.ആ൪. ഭാസ്കരൻ, വി.കെ. മുഹമ്മദ്, പി. ബാലകൃഷ്ണൻ, കെ.കെ. നമ്പൂതിരി, പി.കെ. വത്സൻ, പി. സുരേഷ്ബാബു, രാജേഷ് മഞ്ചാൻ എന്നിവരാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അപാകതയും വിലനി൪ണയത്തിലെ അശാസ്ത്രീയതയും പ്രദേശം കാണിച്ച് വിശദീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.