സേവനാവകാശ ബില്ലിന് ഹസാരെ എതിര്

ന്യൂദൽഹി: സ൪ക്കാ൪ സേവനങ്ങൾ ലഭിക്കുന്നതിൽ പൗരന്മാ൪ക്കുള്ള അവകാശം ഉറപ്പാക്കുന്നതിന് പ്രത്യേക ബിൽ പാ൪ലമെൻറിൽ കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനത്തോട് ഹസാരെ ടീം വിയോജിപ്പ് പ്രകടിപ്പിച്ചു. തങ്ങൾക്ക് പാ൪ലമെൻറ് നൽകിയ ഉറപ്പിന് വിരുദ്ധമാണ് പ്രത്യേക ബില്ളെന്നും, ഈ വ്യവസ്ഥകൾ ലോക്പാലിന് കീഴിൽതന്നെ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. ശക്തമായ അഴിമതി പ്രതിരോധ സംവിധാനം ഉണ്ടാകുന്നതിന് ചില്ലറ വിൽപന വിഷയത്തിലെന്നപോലെ, ഈ വിഷയത്തിലും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജി സമ്മ൪ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
 ഭാവി പരിപാടികൾ ച൪ച്ചചെയ്യാൻ സമ്മേളിച്ച നേതൃയോഗത്തിനുശേഷം വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ഹസാരെ. രാംലീല മൈതാനിയിൽ നേരത്തേ നടത്തിയ നിരാഹാരം അവസാനിപ്പിക്കുന്നതിന് പാ൪ലമെൻറ് പ്രധാനപ്പെട്ട മുന്ന് ഉറപ്പുകൾ നൽകിയിരുന്നു. പൗരാവകാശരേഖ ലോക്പാലിൽ ഉൾപ്പെടുത്തുക, താഴെത്തട്ടിലെ ജീവനക്കാരെ ലോക്പാലിന് കീഴിൽ കൊണ്ടുവരിക, സംസ്ഥാന ലോകായുക്തകൾ രൂപവത്കരിക്കുക എന്നിവയായിരുന്നു അവ. എന്നാൽ, പൗരാവകാശ രേഖയുടെ കാര്യത്തിൽ പ്രത്യേക ബില്ലുമായി മുന്നോട്ടുനീങ്ങുകയാണ് സ൪ക്കാ൪. ഇത് ശരിയല്ല. പാ൪ലമെൻറിനെ വിശ്വസിക്കാനാവില്ളെന്നാണ് ഇതിന൪ഥം.
 ലോക്പാലുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ പ്രകടിപ്പിച്ച അതൃപ്തി ന്യായമാണെന്നും ഹസാരെ പറഞ്ഞു. കേസെടുക്കുന്നതിന് മുമ്പ് ലോക്പാലിന് കീഴിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി നി൪ദേശിക്കുന്നത്. ഇത് അഴിമതിക്കാ൪ക്ക്  മുന്നറിയിപ്പാണ്. സി.ബി.ഐയുടെ റെയ്ഡ് ഏതു നിമിഷവും നടക്കാമെന്ന് മുൻകൂട്ടി മനസ്സിലാക്കാനും തെളിവുകൾ നേരത്തേ ഒളിപ്പിക്കാനും കുറ്റാരോപിത൪ക്ക് ഇതുവഴി അവസരം ലഭിക്കും.  
 പ്രധാനമന്ത്രി മൻമോഹൻസിങ് ഇന്നലെ സി.ബി.ഐ ഡയരക്ട൪, മുഖ്യ വിജിലൻസ് കമീഷണ൪ എന്നിവരുടെ അഭിപ്രായം തേടി. ഇരുവരും പാ൪ലമെൻറിൽ എത്തി പ്രധാനമന്ത്രിയെ കണ്ടു. സി.ബി.ഐക്ക് കേസ് കൈമാറുന്നതിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന സ്റ്റാൻഡിങ് കമ്മിറ്റി നി൪ദേശത്തോട് വിയോജിച്ച് സി.ബി.ഐ പേഴ്സനൽ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ഇങ്ങനെ മുൻകൂട്ടി അന്വേഷണം നടക്കുന്നത് അഴിമതി പ്രതിരോധ നീക്കത്തിൻെറ മുനയൊടിക്കുമെന്നും മിന്നൽ പരിശോധനകളുടെ പ്രയോജനം നഷ്ടപ്പെടുമെന്നും സി.ബി.ഐ കത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.