കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ക്ക് അനുസൃതമായി ഒരു കോടിയോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം ലഭിക്കുക. തുടക്കക്കാരുടെ ചുരുങ്ങിയ വേതനം പ്രതിമാസം 7,000 രൂപയില്‍ നിന്ന് 18,000 രൂപയാക്കി ഉയരുന്നതടക്കം ശരാശരി രണ്ടര ഇരട്ടിയിലേറെ (2.57) ശമ്പള വര്‍ധന വിവിധ തസ്തികകളില്‍ ഉണ്ടാവും. ഇതുവരെയുള്ള ആറു മാസത്തെ കുടിശ്ശിക അടുത്ത മാര്‍ച്ച് 31നു മുമ്പ് ജീവനക്കാര്‍ക്ക് കിട്ടും. ശമ്പള പരിഷ്കരണം വഴി ഖജനാവിന് ഇക്കൊല്ലം ഉണ്ടാകുന്ന അധികച്ചെലവ് 1.02 ലക്ഷം കോടി രൂപയാണ്. കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 12,133 കോടി വേണ്ടിവരും. ഏറ്റവും താഴത്തെ തസ്തികയില്‍ ചുരുങ്ങിയ പ്രാരംഭ ശമ്പളം പ്രതിമാസം 18,000 രൂപയായിരിക്കും. ക്ളാസ്-1 തസ്തികയില്‍ ആദ്യമായി ജോലിയില്‍ കയറുമ്പോള്‍ ശമ്പളം 56,100 രൂപ. ഇത് താഴത്തെ തസ്തികയുമായി തട്ടിച്ചുനോക്കുമ്പോള്‍ മൂന്നിരട്ടിയാണ്.

വാര്‍ഷിക ഇന്‍ക്രിമെന്‍റ് മൂന്നു ശതമാനമായി നിലനിര്‍ത്തി. പരമാവധി ശമ്പളം രണ്ടര ലക്ഷം രൂപയാണ്. ഇത് കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളമാണ്.
നിലവിലെ ക്ഷാമബത്താ നിരക്കുകൂടി കണക്കിലെടുത്താല്‍ 2016 ജനുവരി ഒന്നുമുതല്‍ ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ 14.29 ശതമാനം വര്‍ധനയാണ് ഉണ്ടാവുക. മുന്‍കാല ശമ്പള പരിഷ്കരണത്തേക്കാള്‍ കുറവാണിത്. ആനുകൂല്യങ്ങള്‍ നിലവിലെ സ്ഥിതിയില്‍ തല്‍ക്കാലം തുടരും.
 ഇതിലെ പോരായ്മകള്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് പഠിച്ചശേഷം ആവശ്യമായ വര്‍ധന വരുത്തും. ഇവയെല്ലാം കൂടി ചേര്‍ത്ത് 23.5 ശതമാനം വര്‍ധനയാണ് മൊത്തത്തില്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ ശമ്പള-ഗ്രേഡ് രീതികള്‍ എടുത്തുകളഞ്ഞ് പുതിയ പേ മെട്രിക്സ് സമ്പ്രദായം കൊണ്ടുവന്നു. ജീവനക്കാരുടെ പദവി ഗ്രേഡ് വേതന പ്രകാരമാണ് തീരുമാനിച്ചിരുന്നതെങ്കില്‍, ഇനി അത് പേ മെട്രിക്സ് തലം അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കുക. നിലവിലെ വിവിധ സ്കെയിലുകള്‍ പുതിയ ഘടനയിലേക്ക് ഉള്‍ച്ചേര്‍ത്തു.

ഭവനനിര്‍മാണ വായ്പാ പരിധി ഏഴര ലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കി. ചികിത്സ, യാത്രാബത്ത, രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ക്കുള്ള യാത്രാബത്ത, എല്‍.ടി.സി എന്നിവ അതേപടി നിലനിര്‍ത്തി. എന്നാല്‍, മറ്റ് പലിശരഹിത വായ്പകളെല്ലാം നിര്‍ത്തലാക്കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള പ്രതിമാസ വിഹിതത്തില്‍ വര്‍ധന വരുത്താനുള്ള ശമ്പള കമീഷന്‍ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല. നിലവിലെ നിരക്ക് തുടരും. കുറഞ്ഞ പ്രീമിയത്തില്‍ പുതിയ ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കാന്‍ ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ 196 ഇനം അലവന്‍സുകളില്‍ 51 എണ്ണം നിര്‍ത്തലാക്കാനും 37 എണ്ണം മറ്റുള്ളവയില്‍ ലയിപ്പിക്കാനും കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.  അലവന്‍സ് രീതിയില്‍ വരുന്ന മാറ്റങ്ങളിലെ അപാകത ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കും. അതുവരെ നിലവിലെ അലവന്‍സുകള്‍ തുടരും.

പെന്‍ഷന്‍ പരിഷ്കരണം സംബന്ധിച്ച അപാകതകള്‍ പരിശോധിക്കാന്‍ നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെ കമ്മിറ്റിയെ നിയോഗിച്ചു. ദേശീയ പെന്‍ഷന്‍ സംവിധാനമായ എന്‍.പി.എസ്, ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് എന്നിവയുടെ നടത്തിപ്പിലെ പോരായ്മകള്‍ പരിശോധിക്കാന്‍ രണ്ട് വ്യത്യസ്ത സമിതികള്‍ രൂപവത്കരിക്കും. സൂചിക യുക്തിസഹമാക്കുന്ന പ്രക്രിയയിലൂടെ പ്രതിരോധ ജീവനക്കാരുടെ പേ മെട്രിക്സിലും വര്‍ധന വരുത്തിയിട്ടുണ്ട്. ഗ്രാറ്റ്വിറ്റി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി.നഷ്ടപരിഹാരമെന്ന നിലയിലുള്ള എക്സ്ഗ്രേഷ്യ 10-20 ലക്ഷത്തില്‍നിന്ന് 25-45 ലക്ഷമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.