അധിക സേവന നികുതി പ്രാബല്യത്തിൽ; ജീവിതച്ചെലവ് കൂടും

ന്യൂഡല്‍ഹി: അധിക സേവന നികുതി പ്രാബല്യത്തില്‍വരുന്നതോടെ ജീവിതച്ചെലവ്​ കൂടും. സേവനങ്ങള്‍ക്ക് ചുമത്തുന്ന  അര ശതമാനം അധിക നികുതിയായ കൃഷി കല്യാണ്‍ സെസ് ബുധനാഴ്ചയാണ്​ പ്രാബല്യത്തില്‍വരുന്നത്​. സേവനനികുതി ഫലത്തില്‍ 14.5 ശതമാനത്തില്‍നിന്ന് 15 ശതമാനമാകും. പുതിയ സെസ് വരുന്നതോടെ എ.സി ഹോട്ടലില്‍നിന്നുള്ള ഭക്ഷണം, ടെലിഫോണ്‍ ബില്‍, വിമാന ടിക്കറ്റ് തുടങ്ങിയവക്ക് ചെലവേറും.

കൃഷി കല്യാണ്‍ സെസ്  വരുന്ന സാമ്പത്തികവര്‍ഷം ഉപഭോക്താക്കള്‍ക്ക് 20,600 കോടി രൂപയുടെ അധിക ഭാരമാണുണ്ടാക്കുക. ജൂണ്‍ ഒന്നിനുമുമ്പ് പണം നല്‍കി എടുത്ത ടിക്കറ്റുകള്‍ക്കും ബില്ലുകള്‍ക്കും കൃഷി കല്യാണ്‍ സെസ് ബാധകമാകില്ല.

എന്നാല്‍, ജൂണ്‍ ഒന്നിനുമുമ്പ് എടുക്കുകയും ജൂണ്‍ ഒന്നുമുതല്‍ പണം നല്‍കുന്നതുമായ ടിക്കറ്റുകള്‍ക്കും ബില്ലുകള്‍ക്കും സെസ് നല്‍കണം. നിലവില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വാറ്റ്, സേവനനികുതി എന്നിവക്ക് പുറമേയാണ് കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  അതേസമയം, ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ കൗണ്ടറുകളില്‍നിന്ന് ജൂണ്‍ ഒന്നുമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 30 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കില്ല. പേമെന്‍റ് ഗേറ്റ് വേ വഴിയുള്ള ഓണ്‍ലൈന്‍/കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഒഴിവാക്കിയതിന്‍െറ പിന്നാലെയാണ് ഇത്. രണ്ടു ലക്ഷത്തിനുമേല്‍ തുകക്ക് പണം നല്‍കി സ്വര്‍ണം വാങ്ങുമ്പോള്‍ ഉറവിടത്തില്‍ ഒരു ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിച്ചിട്ടുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.