മോദിയെ ലക്ഷ്യമിട്ട് ലോക്സഭാ സ്പീക്കർക്ക് ഭഗവത് മാന്‍റെ കത്ത്

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ എ.എ.പി എം.പി ഭഗവത് മാൻ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. സ്പീക്കർ സുമിത്ര മഹാജന് നൽകിയ അഞ്ചു പേജുള്ള കത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുള്ള പരാമർശങ്ങളാണുള്ളത്.

പാർലമെന്‍റ് ദൃശ്യങ്ങൾ പുറത്തുവിട്ട സംഭവത്തിൽ തനിക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക പാർലമെന്‍ററി സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഭീകരാക്രമണം നടന്ന പത്താൻകോട്ട് വ്യോമസേനാ താവളം സന്ദർശിക്കാൻ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പ്രതിനിധി അടക്കമുള്ള സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയല്ലേ?. പാർലമെന്‍ററി സമിതിയുടെ അന്വേഷണ പരിധിയിൽ മോദിയെയും ഉൾപ്പെടുത്തണമെന്നും കത്തിൽ ഭഗവത് മാൻ ആവശ്യപ്പെട്ടു.

താൻ തെറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, താന്നേക്കാൾ നൂറ് മടങ്ങ് തെറ്റുകൾ മോദി ചെയ്തിട്ടുണ്ടെന്നും സ്പീക്കർക്ക് അയച്ച കത്തിൽ പറയുന്നു.

പാർലമെന്‍റിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കാൻ ഒമ്പതംഗ സമിതിയെയാണ് സ്പീക്കർ സുമിത്ര മഹാജൻ നിയോഗിച്ചത്. സുരക്ഷാ സന്നാഹങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് എ.എ.പി എം.പിയായ ഭഗവത് മാൻ പുറത്തുവിട്ടത്. അന്വേഷണം നടക്കുന്നവേളയിൽ പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭഗവത് മാനെ ലോക്സഭാ സ്പീക്കർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.