ബെസ്വാദ വില്‍സണ്‍: തോട്ടിപ്പണിക്കാരന്‍െറ ശബ്ദം

ബംഗളൂരു: കോലാര്‍ സ്വദേശിയായ ബെസ്വാദ വില്‍സണ്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ശുചീകരണത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പകര്‍ന്നുനല്‍കാന്‍ തീരുമാനമെടുത്തു. എന്നാല്‍, ഗ്രാമത്തില്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്തിനാണ് നിങ്ങള്‍ പഠനം ഉപേക്ഷിക്കുന്നത്? രക്ഷിതാക്കള്‍ മദ്യപാനികളാണെന്നും തങ്ങളെ സ്കൂളിലേക്കയക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ളെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. രക്ഷിതാക്കളോട് കാര്യംതിരക്കി. ഹീനവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങളിലെ ജോലിയാണ് തങ്ങളെ മദ്യപാനികളാക്കുന്നതെന്നായിരുന്നു അവരുടെ മറുപടി. ഒടുവില്‍ ഇവരുടെ ജോലിസാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ ബെസ്വാദ തീരുമാനിക്കുന്നു.

പക്ഷേ, ശുചീകരണത്തൊഴിലാളികള്‍ അതിന് അനുവദിച്ചില്ല. രഹസ്യമായി ഇവരെ പിന്തുടര്‍ന്ന അദ്ദേഹത്തിന് കാണാനായത് അറപ്പുളവാക്കുന്ന കാഴ്ചയായിരുന്നു. ഉപജീവനത്തിനുവേണ്ടി ശുചിമുറികളില്‍നിന്ന് മനുഷ്യവിസര്‍ജ്യം കൈകൊണ്ട് വാരി ബക്കറ്റില്‍ നിറക്കുന്നവര്‍. വില്‍സണ്‍ സംഭവം അന്നുരാത്രി തന്‍െറ രക്ഷിതാക്കളോട് പറഞ്ഞു. തങ്ങള്‍ കാലങ്ങളായി ഉപജീവനത്തിനായി ചെയ്തിരുന്നതും ഇതായിരുന്നുവെന്ന മറുപടിയാണ് രക്ഷിതാക്കള്‍ നല്‍കിയത്. അന്നു മുതല്‍ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന തോട്ടിപ്പണിക്കാരന്‍െറ ശബ്ദമാണ് ബെസ്വാദ. മനുഷ്യവിസര്‍ജ്യം കൈകൊണ്ട് വാരുന്ന പണി ചില മനുഷ്യരുടെ ദാരിദ്ര്യത്തിലും ഗതികേടിലും ജാതിയിലും അടിച്ചേല്‍പിക്കുന്ന വ്യവസ്ഥിതിക്കെതിരെ ഉയര്‍ന്ന ശബ്ദം ഇന്ന് ലോകം അറിഞ്ഞിരിക്കുന്നു.

റാചേല്‍ ബെസ്വാദ-ജേക്കബ് ബെസ്വാദ ദലിത് ദമ്പതികളുടെ ഇളയ മകനായി കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ 1966ലായിരുന്നു ജനനം. ആന്ധ്രയില്‍ പ്രാഥമിക വിദ്യാഭ്യാസം. ഹൈദരാബാദിലെ ബി.ആര്‍. അംബേദ്കര്‍ സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടി. 1986ലാണ് തോട്ടിവേലക്ക് അന്ത്യം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.  തോട്ടിവേലക്കാരുടെ കുട്ടികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങളും വെക്കേഷനല്‍ ട്രെയ്നിങ്ങും നല്‍കി. മറുഭാഗത്ത് കോലാറിലെ ഭാരത് മൈന്‍സ് പബ്ളിക് ലിമിറ്റഡിലെ തോട്ടിത്തൊഴിലാളികളുടെ ദുരിതം പുറംലോകത്തത്തെിക്കുന്നതിനുള്ള പോരാട്ടങ്ങളും നടത്തി. കത്തെഴുത്ത് കാമ്പയിനുകളിലൂടെയും തോട്ടിവേലയുടെ പടങ്ങള്‍ പരസ്യപ്പെടുത്തിയും കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സിലെ തോട്ടിപ്പണിക്കാരുടെ ദുരിതകഥ അന്നത്തെ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ദലിത് എം.പിമാരെയും ബോധ്യപ്പെടുത്തി. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെ പാര്‍ലമെന്‍റ് 1993ല്‍ തോട്ടിപ്പണി നിയമംമൂലം നിരോധിച്ച് നിയമം പാസാക്കി.

തോട്ടിപ്പണിക്കാരില്‍ സംഘബോധം വളര്‍ത്തി ഒരു കുടക്കീഴില്‍ അവരെ അണിനിരത്തി തോട്ടിപ്പണി നിര്‍മാര്‍ജനം ലക്ഷ്യമിട്ട് 1994ല്‍ ദലിത് നേതാക്കളായ എസ്.ആര്‍. ശങ്കരണ്‍, പോള്‍ ദിവാകര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് സഫായി കര്‍മചാരി ആന്ദോളന്‍ (എസ്.കെ.എ) എന്ന സംഘടനക്ക് തുടക്കമിട്ടു. കര്‍ണാടകയില്‍ സംഘടന നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2003ല്‍ ഡല്‍ഹിയിലത്തെിയ അദ്ദേഹവും സംഘവും എസ്.കെ.എയുടെ പ്രവര്‍ത്തനം ദേശീയതലത്തിലേക്കും വിപുലപ്പെടുത്തി. നിയമങ്ങളുണ്ടായിട്ടും രാജ്യത്ത് തോട്ടിവേല തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബെസ്വാദയുടെ നേതൃത്വത്തില്‍ എസ്.കെ.എ 2003ല്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി.

2013ല്‍ ദി പ്രൊഹിബിഷന്‍ ഓഫ് എംപ്ളോയ്മെന്‍റ് ആസ് മാന്വല്‍ സ്കാവഞ്ചേഴ്സ് ആന്‍ഡ് ദെയര്‍ റിഹാബിലിറ്റേഷന്‍ ആക്ട് എന്ന നിയമം പാര്‍ലമെന്‍റ് പാസാക്കാനും സംഘടനയുടെ ഇടപെടലുകള്‍ കാരണമായി. നിലവില്‍ എസ്.കെ.എയുടെ ദേശീയ കണ്‍വീനറാണ്.  രാജ്യത്ത് തോട്ടിവേല പൂര്‍ണമായി ഇല്ലാതാക്കാനും അവരെ അന്തസ്സായി പുനരധിവസിപ്പിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ദേശീയ പ്രസ്ഥാനമായി ഇന്ന് എസ്.കെ.എ വളര്‍ന്നിരിക്കുന്നു. 139 ജില്ലകളില്‍ തോട്ടിവേല പൂര്‍ണമായി ഇല്ലാതാക്കാന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.