അർണബ്​ ഗോസ്വാമിക്കെതിരെ ബർഖ ദത്ത്​ രംഗത്ത്​

ന്യൂഡൽഹി: ടൈംസ്​ നൗ ചാനൽ എഡിറ്റർ അർണബ്​ ഗോ സ്വാമിക്കെതിരെ രൂക്ഷവിമർശവുമായി മുതിർന്ന മാധ്യമപ്രർത്തക ബർഖ ദത്ത്​. അര്‍ണബ് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണോ എന്ന് ചോദിച്ച ബര്‍ഖ ദത്ത്​ അര്‍ണബ് ജോലി ചെയ്യുന്ന മേഖലയില്‍ ജോലി ചെയ്യുന്നത് അപമാനമായി കാണുന്നുവെന്നും ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

കശ്മീരില്‍ സൈന്യവും ജനങ്ങളും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ അര്‍ണബ് ഗോസ്വാമി സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് ബര്‍ഖ ദത്ത് രംഗത്തെത്തിയത്. മാധ്യമങ്ങളെ കുറ്റക്കാരാക്കുന്ന തരത്തിലും മാധ്യമങ്ങളുടെ വായടപ്പിക്കുന്നതുമായ മാധ്യമപ്രവര്‍ത്തനമാണ് ടൈംസ് നൗ നടത്തുന്നതെന്ന വിമര്‍ശത്തോടെയാണ് ബര്‍ഖദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പാകിസ്​താനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ചിലരെ സ്ഥിരമായി വിമര്‍ശിക്കുന്ന അര്‍ണബ് എന്തുകൊണ്ട് ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ പാകിസ്​താനും ഹുർറിയത്തുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് മൗനം പാലിക്കുന്നു. മോദി പാകിസ്​താൻ സന്ദര്‍ശിച്ചതിനെക്കുറിച്ചും അര്‍ണബ് മൗനം പാലിക്കുകയാണ്. കശ്മീരിലെ മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച അര്‍ണബിന്റെ നിലപാടിനെയും ബര്‍ഖ വിമര്‍ശിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്‍ മാധ്യമങ്ങളെ അടച്ചുപൂട്ടാനും തീവ്രവാദികളായി മുദ്രകുത്താനും സര്‍ക്കാരിനെ ഉപദേശിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇൗ വിഷയത്തിൽ മൗനം തുടരുകയാണെന്നും ബര്‍ഖ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.

 അര്‍ണബിനോട് യോജിക്കാത്തതിന്റെ പേരില്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അര്‍ണബ് എതിര്‍ക്കുന്നു. എന്നാല്‍ ഇത് താന്‍ കാര്യമാക്കുന്നില്ല. അര്‍ണബിന്റെ നിലപാടിനോടൊപ്പം നിന്നാല്‍ താന്‍ ഇല്ലാതാകുന്നതിന് തുല്യമാ​െണന്ന പരാമര്‍ശത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.