സുരക്ഷ വിഡിയോ ഫേസ്​ബുക്കിൽ: ‘ആപ്’എം.പിയുടെ മാപ്പപേക്ഷ സ്പീക്കര്‍ തള്ളി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ സുരക്ഷാ സംവിധാനങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ട പഞ്ചാബില്‍നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത്മാന്‍ കുരുക്കില്‍. പാര്‍ലമെന്‍റിന്‍െറ സുരക്ഷ അപകടത്തിലാക്കിയതിന് മാനിനെതിരെ ഇരുസഭകളിലും കക്ഷിഭേദമന്യേ പ്രതിഷേധമുയര്‍ന്നു. പലരും അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

ബഹളത്തില്‍ ഇരുസഭകളും സ്തംഭിച്ചു. ഭഗവന്ത്മാന്‍െറ നടപടിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. സഭ പിരിഞ്ഞശേഷം സ്പീക്കറെ കണ്ട ഭഗവന്ത്മാന്‍ മാപ്പെഴുതി നല്‍കിയെങ്കിലും സ്പീക്കര്‍ തള്ളി. പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഭഗവന്ത്മാനിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. വ്യാഴാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 12 മിനിറ്റ് വിഡിയോയാണ് ഇദ്ദേഹത്തെ വെട്ടിലാക്കിയത്.

നോര്‍ത് അവന്യുവിലെ തന്‍െറ വീട്ടില്‍ നിന്നിറങ്ങി വാഹനത്തില്‍ പാര്‍ലമെന്‍റിനകത്തേക്ക് കടക്കുന്നതുവരെയുള്ള യാത്രയാണ് വിഡിയോയിലുള്ളത്. പാര്‍ലമെന്‍റ് കവാടത്തിലെ ഓരോ സെക്യൂരിറ്റി പോസ്റ്റും പാര്‍ലമെന്‍റ് കെട്ടിടത്തിനകത്തെ എം.പിമാര്‍ക്ക് ചോദ്യം സമര്‍പ്പിക്കാനുള്ള മുറിയും ചിത്രീകരിക്കുകയും അതേക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച ലോക്സഭ തുടങ്ങിയപ്പോള്‍ മാനിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, അകാലിദള്‍ എം.പിമാര്‍ നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളും അനുകൂലിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.