കശ്മീര്‍: പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ ഖേദം; ബദല്‍ പരിശോധിക്കുമെന്ന് മന്ത്രി രാജ്നാഥ്

ന്യൂഡല്‍ഹി: കശ്മീരിലെ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതിനെതിരായ പ്രതിഷേധത്തിനിടെ, ഇക്കാര്യത്തില്‍ അടിയന്തരമായി പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ കശ്മീര്‍ സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.  മാരകായുധങ്ങളുടെ പട്ടികയില്‍ പെടാത്തെ പെല്ലറ്റ് ഗണ്‍ ആദ്യമായല്ല കശ്മീരില്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞ മന്ത്രി സൈന്യത്തെ ന്യായീകരിച്ചു.  ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പരിമിതമായ തോതിലുള്ള ബലപ്രയോഗം എന്ന നിലക്കാണ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത്.  അതേസമയം,  പെല്ലറ്റ് ഗണ്‍ ഏറ്റ് ജീവന്‍ നഷ്ടപ്പെട്ടവരെയും കാഴ്ച നഷ്ടപ്പെട്ടവരെയും ഓര്‍ത്ത് സര്‍ക്കാറിന് ഖേദമുണ്ട്. പെല്ലറ്റ് ഗണിന് പകരം ഉപയോഗിക്കാവുന്ന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ടു മാസത്തിനകം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കും - മന്ത്രി പറഞ്ഞു.     

കശ്മീരിലെ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണ്. ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യമോര്‍ത്ത്  പാകിസ്താന്‍  ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് പുറത്തുള്ള ആരുടെയും സംരക്ഷണം ആവശ്യവുമില്ല. ഇസ്ലാമിലെ എല്ലാ വിഭാഗങ്ങളും നല്ലനിലയില്‍ ജീവിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇന്ത്യയെ സംരക്ഷിക്കാന്‍ അവരെല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നവരാണ്.   മതത്തിന്‍െറ പേരിലാണ് പാകിസ്താന്‍ വിട്ടുപോയത്. മതത്തിന്‍െറ പേരില്‍ ഇന്ത്യയെ വീണ്ടും വിഭജിക്കാനാണ് ശ്രമം.  ഇന്ത്യയില്‍ ഭീകരന്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താന്‍ കരിദിനം ആചരിക്കുന്നു.   ഇന്ത്യയില്‍ ഭീകരവാദം ഉണ്ടെങ്കില്‍ അതിന് പിന്നില്‍ പാകിസ്താനാണ്. കശ്മീരി  യുവാക്കള്‍ വലിയ രാജ്യസ്നേഹികളാണ്. അവരെ വഴിതെറ്റിച്ച് ഇന്ത്യക്കെതിരെ തിരിക്കാനാണ് ശ്രമം. അത് വിജയിക്കില്ല. കശ്മീരില്‍  ഉടന്‍തന്നെ സ്ഥിതിഗതികള്‍ ശാന്തമാകും. സര്‍ക്കാറിന്  മാത്രമായി ഒന്നും  ചെയ്യാന്‍ കഴിയില്ല.  എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തു പ്രവര്‍ത്തിക്കണം. കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്നത് സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുമെന്നും രാജ്നാഥ് പറഞ്ഞു.   

ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷമാണ് കശ്മീരില്‍ സ്ഥിതി വഷളായതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മുന്‍ യു.പി.എ സര്‍ക്കാര്‍ കശ്മീരില്‍ നേടിയതൊക്കെ  കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും  കശ്മീരിലെ പി.ഡി.പി - ബി.ജെ.പി സര്‍ക്കാറും നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍  മോദി-മുഫ്തി സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കുന്നു. കശ്മീര്‍ ജനതയുടെ മനസ്സിലെ മുറിവ് ഉണക്കാന്‍ മാനുഷിക മുഖത്തോടെയുള്ള നടപടികള്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കശ്മീര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് ചെണ്ടകൊട്ടുകയായിരുന്നുവെന്ന വിമര്‍ശവും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി.  പ്രധാനമന്ത്രി താനുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പ്രതിപക്ഷ ആരോപണത്തിന് അടിസ്ഥാനമില്ളെന്നും മന്ത്രി രാജ്നാഥ് വിശദീകരിച്ചു.  

കൊലയില്‍ മജിസ്ട്രേറ്റുതല അന്വേഷണം
സൈനിക വെടിവെപ്പില്‍ കശ്മീരില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ഗുലാം ഹസന്‍ ശൈഖ് അന്വേഷണത്തിന് നേതൃത്വം നല്‍കും.
അനന്ത്നാഗ് ജില്ലയിലെ ഖാസിഗുന്ദില്‍ തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ രണ്ട് സ്ത്രീകളടക്കം  മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.  എന്നാല്‍, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സൈന്യം ഇതിനകം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 43 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.