കശ്മീരില്‍ ഇന്ന് സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വിളിച്ച സര്‍വകക്ഷി യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ, കശ്മീരിലെ ബന്ദാഹ്വാനം ഈമാസം 25 വരെ ദീര്‍ഘിപ്പിക്കാന്‍ വിമത നേതാക്കളുടെ ആഹ്വാനം. സര്‍വകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു.

അതേസമയം, കശ്മീര്‍ താഴ്വരയിലെ നാലു ജില്ലകളില്‍ സ്കൂളുകള്‍ വ്യാഴാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ദിപോറ, ബാരാമുല്ല, ബദ്ഗാം, ഗന്ദര്‍ബാല്‍ ജില്ലകളിലെ സ്കൂളുകള്‍ തുറക്കുമെന്നാണ് പ്രഖ്യാപനം.
കേന്ദ്ര സര്‍ക്കാറിന്‍െറ അതിക്രമങ്ങളോടുള്ള പ്രതിഷേധം തുടരണമെന്ന് സയ്യിദ് അലിഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസിന്‍ മാലിക് എന്നിവരാണ് ആഹ്വാനം ചെയ്തത്. ഇതു മുന്‍നിര്‍ത്തി വ്യാഴാഴ്ച അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കശ്മീര്‍ ദിനമായി പ്രഖ്യാപിച്ച് പൂര്‍ണ ബന്ദ് ആചരിക്കും. തൊട്ടടുത്ത ദിനങ്ങളിലും പൂര്‍ണ ബന്ദാചരണം നടക്കും.

മഹ്ബൂബ മുഫ്തിയെ പിന്താങ്ങുന്നതിനു പകരം സത്യത്തെ പിന്തുണക്കാന്‍ വിമത നേതാക്കള്‍ പി.ഡി.പി എം.എല്‍.എമാരെ ആഹ്വാനംചെയ്തു. 2010ല്‍ ഉമര്‍ അബ്ദുല്ല എന്നപോലെ ഇപ്പോള്‍ മഹ്ബൂബ മുഫ്തിയും വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് അവര്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ എന്‍.എന്‍. വോറയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് സര്‍വകക്ഷി യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഉത്കണ്ഠകള്‍ ഗവര്‍ണറെ നേരിട്ട് അറിയിക്കാനായിരുന്നു കൂടിക്കാഴ്ച.

വ്യാഴാഴ്ച സര്‍വകക്ഷി യോഗം നടക്കാനിരിക്കെ, ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാം മാധവ് ശ്രീനഗറില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറിയെന്നാണ് വിവരം. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങും ബുധനാഴ്ച ശ്രീനഗറിലത്തെി. സുരക്ഷാസ്ഥിതി അവലോകനം ചെയ്തു.

ഇതിനിടെ, പത്രപ്രസിദ്ധീകരണത്തിനും വിതരണത്തിനും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ അച്ചടിയും വിതരണവും പുനരാരംഭിക്കാന്‍ കശ്മീരിലെ പത്രസ്ഥാപന ഉടമകളുടെയും എഡിറ്റര്‍മാരുടെയും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി മഹ്ബൂബയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖേദപ്രകടനമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.