കശ്മീര്‍ പേറുന്നത് അവമതിക്കുന്നു എന്ന ബോധം –തരിഗാമി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അവമതിക്കുന്നുവെന്ന പൊതുബോധമാണ് കശ്മീരിലെ അടങ്ങാത്ത പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമെന്ന് സി.പി.എമ്മിന്‍െറ ജമ്മു-കശ്മീര്‍ എം.എല്‍.എ യൂസുഫ് തരിഗാമി. ബുര്‍ഹാന്‍ വാനിയുടെ കൊലയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ടതല്ല.
കശ്മീരികളിലെ വലിയൊരു വിഭാഗം പേറുന്ന ആഴത്തിലുള്ള അസ്വസ്ഥതയുടെ പ്രതീകമാണ് ബുര്‍ഹാന്‍. അതല്ളെങ്കില്‍ ഇത്രയും തീവ്രമായൊരു പ്രതിഷേധം ഉണ്ടാകില്ളെന്നു കാണാന്‍ പ്രയാസമില്ല. നേരത്തേ 2008, 2009, 2010 വര്‍ഷങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ  ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ തീവ്രതക്ക് സമാനമല്ല -നാലുവട്ടം എം.എല്‍.എയായ തരിഗാമി ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കശ്മീരിലെ അനിശ്ചിതത്വത്തിന് പല ഘടകങ്ങളുണ്ട്. പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷം മാത്രമായപ്പോഴാണ് ഇത്രയും രോഷം പ്രകടമായിരിക്കുന്നത്. ആഴത്തിലുള്ള അനിശ്ചിതത്വത്തിന്‍െറ പ്രതിഫലനമാണിത്്. ദേശീയതലത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച, ന്യൂനപക്ഷങ്ങളെ അകാരണമായി ഉന്നംവെക്കുന്നത്, ഭരണത്തിലിരിക്കുന്നവര്‍പോലും നടത്തുന്ന യുക്തിക്കു നിരക്കാത്ത പ്രസ്താവനകള്‍ എന്നിവയെല്ലാം കശ്മീരിലെ ആശങ്കകള്‍ക്ക് തീവ്രത കൂട്ടിയിട്ടുണ്ട്.

തെക്കന്‍ കശ്മീരിലാണ് പ്രതിഷേധം ഏറെയും പ്രകടം. പി.ഡി.പിക്ക് നല്ല വേരോട്ടമുള്ള മേഖലയാണിത്. 2014നുമുമ്പ് ബി.ജെ.പിക്കെതിരെയായിരുന്നു പി.ഡി.പിയുടെ പ്രചാരണം. ബി.ജെ.പിയുടെ വളര്‍ച്ച സംസ്ഥാനത്ത് തടയണമെങ്കില്‍ പി.ഡി.പിയെ പിന്തുണക്കണമെന്നാണ് അവര്‍ പറഞ്ഞുവന്നത്. പക്ഷേ, ബി.ജെ.പി-പി.ഡി.പി ബന്ധം വന്നതോടെ സ്ഥിതി മോശമായി. മുന്‍കാലങ്ങളില്‍ കശ്മീരികള്‍ക്ക് നല്‍കിയ വാക്കുകളൊന്നും മാറിമാറി വന്ന സര്‍ക്കാറുകള്‍ പാലിച്ചിട്ടില്ല. ഇത് താഴ്വരയില്‍ അനിശ്ചിതത്വവും നിരാശയും വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നതോടെ അതു കൂടി. ഇന്ത്യയുടെ മതനിരപേക്ഷത ഇപ്പോള്‍ കടുത്ത സമ്മര്‍ദമാണ് നേരിടുന്നത്.

കശ്മീര്‍ സ്തംഭിച്ചുനില്‍ക്കുന്നത് പ്രധാനമന്ത്രിക്കൊരു വിഷയമല്ല. സംസ്ഥാനത്തേക്ക് കൂടുതല്‍ പട്ടാളത്തെ വിന്യസിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്രയധികം സേന എന്തിനാണ്? തീവ്രവാദികളെ നേരിടുന്നതു മാത്രമല്ല വിഷയം. സാന്ത്വനസ്പര്‍ശം ഉണ്ടാകുമ്പോഴാണ് കേന്ദ്രവും കശ്മീരുമായുള്ള ബന്ധം മെച്ചപ്പെടുകയെന്നും തരിഗാമി വിലയിരുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.