പൂനെ: ഐ.ടി ജീവനക്കാരൻ ഗൈനക്കോളജി ഡോക്ടറായ ഭാര്യയെ ക്ളിനിക്കിൽ വെച്ച് വെടിവെച്ചുകൊന്നു. 38കാരനായ മനോജ് പട്ടീദാർ മൂന്നാംഭാര്യയായ അജ്ഞലി പട്ടീദാറിനെയാണ് നാടൻ തോക്കുപയോഗിച്ച് വെടിവെച്ചുകൊന്നത്. ബുധനാഴ്ച രാത്രി പുനെയിലെ ഹിൻജവാഡി ഏരിയയിലാണ് സംഭവം. കുടുംബകലഹമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
ഹിൻജവാഡി ഐ.ചി ഹബിൽ ജോലി ചെയ്യുന്ന മനോജ് ഒരാഴ്ച മുമ്പാണ് 20,000 രൂപക്ക് പിസ്റ്റൾ സ്വന്തമാക്കിയത്. ബുധനാഴ്ച കുടുംബ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ് വഴക്കിട്ട മനോജ് ഭാര്യയുടെ നെറ്റിയിൽ വെടിവെച്ചിട്ട് കടന്നുകളയുകയായിരുന്നു. ദമ്പതികളുടെ ഒന്നര വയസായ മകനെ തനിച്ചാക്കിയാണ് ഇയാൾ സ്ഥലം വിട്ടത്.
മധ്യപ്രദേശുകാരനായ മനോജ് പുനെ വിട്ടുപോകുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട അഞ്ജലി മനോജിന്‍റെ മൂന്നാംഭാര്യയാണ്.
ഇയാളുടെ മുൻഭാര്യമാർ സംശയാസ്പദമായ രീതിയിലാണ് മരിച്ചതെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. രണ്ടുപേരും കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്.
ഇയാൾ തോക്ക് വാങ്ങിയത് ആരിൽ നിന്നാണെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.