ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിലെ ഏക അധികാരകേന്ദ്രം താനാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മന്ത്രിസഭാ വികസനത്തില്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന് തികഞ്ഞ അതൃപ്തി. തരംതാഴ്ത്തപ്പെട്ട സ്മൃതി ഇറാനി, സദാനന്ദ ഗൗഡ തുടങ്ങിയവര്‍ പ്രയാസം ഉള്ളിലൊതുക്കുന്നുവെങ്കിലും, ധനസഹമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ജയന്ത് സിന്‍ഹ ചുമതല കൈമാറ്റ ചടങ്ങില്‍നിന്ന് വിട്ടുനിന്നു. മോദിസര്‍ക്കാറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശം നടത്താറുള്ള മുന്‍മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത്.
സന്തോഷ് ഗാങ്വാര്‍, അര്‍ജുന്‍റാം മേഘ്വാള്‍ എന്നിവരാണ് ധനവകുപ്പില്‍ സഹമന്ത്രിമാരായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ജയന്ത് സിന്‍ഹയെ വ്യോമയാന വകുപ്പിലേക്ക് മാറ്റി. പുതിയ രണ്ടു മന്ത്രിമാരെയും ജയന്ത് സിന്‍ഹയുടെ അഭാവത്തില്‍ കാബിനറ്റ് മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് സ്വീകരിച്ചത്. സന്ദര്‍ശകരെ കാണാനും മന്ത്രി രണ്ടു ദിവസമായി കൂട്ടാക്കുന്നില്ല. ഇന്‍ഫോസിസില്‍ ജയന്ത് സിന്‍ഹയുടെ ഭാര്യ പുനിത സിന്‍ഹയെ ഡയറക്ടറായി നിയമിച്ചത് തെറ്റായ കീഴ്വഴക്കമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് മന്ത്രിക്ക് വകുപ്പുമാറ്റമുണ്ടായതെന്ന് പറയുന്നു.
സ്മൃതി ഇറാനി കഴിഞ്ഞാല്‍ മന്ത്രിസഭാ പുന$സംഘടനയില്‍ വല്ലാതെ ഒതുക്കപ്പെട്ടത് സദാനന്ദ ഗൗഡയാണ്. കര്‍ണാടക മുന്‍മുഖ്യമന്ത്രിയെന്ന പരിചയസമ്പന്നത വെച്ച് തുടക്കത്തില്‍ റെയില്‍വേയും പിന്നീട് നിയമവും ഗൗഡയെ ഏല്‍പിച്ചു. രണ്ടിലും മന്ത്രി പരാജയമായി. ഇതേതുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കാണ് ഒതുക്കിയിരിക്കുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കാണുന്നതിനാല്‍ ഗൗഡയെ ഈ ഘട്ടത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതി ബി.ജെ.പിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.