45,000 കോടിയുടെ ടെലികോം കുംഭകോണം മോദി സര്‍ക്കാര്‍ കുഴിച്ചുമൂടിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 45,000 കോടി രൂപയുടെ ടെലികോം കുംഭകോണം നരേന്ദ്ര മോദി സര്‍ക്കാര്‍ കുഴിച്ചുമൂടിയതായി കോണ്‍ഗ്രസ്. മോദി സര്‍ക്കാറിന്‍െറ അഭ്യുദയകാംക്ഷികളായ വ്യവസായികളെ സഹായിക്കാനായിരുന്നു കുംഭകോണമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍, ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.

സര്‍ക്കാറിന് അവകാശപ്പെട്ട തുക നല്‍കാതിരിക്കാന്‍ ആറ് പ്രമുഖ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് സുര്‍ജേവാല പറഞ്ഞു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ്, ഐഡിയ, ടാറ്റ, എയര്‍സെല്‍ കമ്പനികള്‍ക്കാണ് കേന്ദ്രം ഒത്താശ ചെയ്യുന്നത്. യു.പി.എ സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം 2006-07, 2009-10 കാലത്ത് ഈ കമ്പനികളുടെ ഓഡിറ്റിന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ തുടക്കമിട്ടിരുന്നു. വരുമാനവും ലൈസന്‍സ് ഫീസും സ്പെക്ട്രം നിരക്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിച്ചത്. സി.എ.ജി ഈ വര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആറ് കമ്പനികള്‍ വരുമാനത്തില്‍ 46,045 കോടി രൂപ കുറച്ചുകാണിക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്തു എന്ന് കണ്ടത്തെിയിരുന്നതായി അദ്ദേഹം പറഞ്ഞു.
12,488 കോടി രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടില്ളെന്നും കണ്ടത്തെി. സി.എ.ജിയുടെ കണ്ടത്തെലുകളെ മുഖവിലക്കെടുത്ത് ഈ പൊതുപണം തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കേണ്ടതിനുപകരം മോദി സര്‍ക്കാര്‍ ഈ തുകയെക്കുറിച്ച് ടെലികോം മന്ത്രാലയത്തെക്കൊണ്ട് പുനരവലോകനം നടത്താനാണ് തീരുമാനിച്ചത്. ഈ തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുവഴി ഈ കമ്പനികളുടെ സഹകാരിയായി തരംതാഴ്ന്നിരിക്കുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വക്താക്കളായ ശക്തിസിങ് ഗോഹില്‍, ആര്‍.പി.എന്‍. സിങ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്‍െറ ആരോപണത്തിന് മറുപടി നല്‍കിയ ടെലികോം വകുപ്പ്, ഭാരതി, വോഡഫോണ്‍, റിലയന്‍സ് കമ്പനികളില്‍നിന്ന് പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി പ്രസ്താവനയില്‍ അറിയിച്ചു. ആറു കമ്പനികളുടെ വരുമാനവുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ലഭിച്ചത്. ഈ സര്‍ക്കാര്‍ വരുന്നതിനുമുമ്പുള്ള കാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് ഫീസ് ഇനത്തില്‍ 5000 കോടി രൂപയുടെയും സ്പെക്ട്രം ഉപയോഗിച്ചതിലെ നിരക്കില്‍ 7000 കോടി രൂപ പലിശയായും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ മധ്യത്തോടെയാണ് ഇതുസംബന്ധിച്ച രേഖകള്‍ ടെലികോം വകുപ്പിന് ലഭിച്ചത്. ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വരുമാനത്തില്‍ നഷ്ടം വരുത്തുന്ന നടപടിയുണ്ടാകില്ളെന്നും പ്രസ്താവനയില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.