വിദ്യാര്‍ഥിയുടെ കൊല: സമഗ്ര അന്വേഷണം നടത്തുമെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാര്‍, മലയാളി സംഘടനകള്‍ എന്നിവയുടെ നിവേദനങ്ങള്‍ പരിഗണിച്ച അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ഉറപ്പ് നല്‍കിയത്.

അതേസമയം പ്രതികളെ രക്ഷിക്കാനുള്ള ഡൽഹി പൊലീസിൻെറ ശ്രമം പാളി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞും നിസംഗത തുടര്‍ന്ന പൊലീസ് പ്രതിഷേധം ശക്തമായതോടെ പാന്‍മസാലകടയുടമയെയും രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മക്കള്‍ രണ്ടുപേരെയും പ്രായപൂര്‍ത്തി ആകാത്തവര്‍ എന്നു രേഖപ്പെടുത്തി ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇതില്‍ പന്തികേടുണ്ടെന്ന ആക്ഷേപം ശക്തമാവുകയും ദേശീയ മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും റിപ്പോര്‍ട്ട് തേടുകയും ചെയ്ത പശ്ചാത്തലത്തില്‍ പൊലീസിന് ഒളിച്ചുകളി തുടരാനായില്ല. വെള്ളിയാഴ്ച കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ച ശേഷം പ്രതികളിലെ അലോക് എന്നയാള്‍ക്ക് 18 കഴിഞ്ഞതായി പൊലീസ് സമ്മതിക്കുകയായിരുന്നു. ജുവനൈല്‍ ഹോമിലാക്കിയ അലോകിനെ ഇന്ന് തിഹാറിലേക്ക് മാറ്റും. രണ്ടാമത്തെ പ്രതിക്ക് 16 വയസേ ഉള്ളൂ എന്നാണ് രേഖ.

രജത്തിന്‍െറ ശരീരത്തില്‍ മുറിവില്ലായിരുന്നുവെന്നും ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ എന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം, പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് തുടരുന്നതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച പാര്‍ലമെന്‍റംഗങ്ങള്‍ കുറ്റപ്പെടുത്തി. എം.പിമാരായ അഡ്വ. എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവര്‍ മയുര്‍ വിഹാറിലെ രജിത്തിന്‍െറ വീടും അക്രമം നടന്ന സ്ഥലവും സന്ദര്‍ശിച്ചു. മയക്ക് മരുന്ന് മാഫിയ-പൊലീസ് കൂട്ടുകെട്ടിന്‍െറ രക്തസാക്ഷിയാണ് രജത്ത് എന്നും മര്‍ദനമേറ്റ സമയത്ത് കുട്ടി ധരിച്ചിരുന്ന ചെരുപ്പ്  മരണം നടന്ന് ദിവസം രണ്ട് പിന്നിട്ടിട്ടും ശേഖരിക്കാന്‍ തയ്യാറാവാത്തതില്‍ നിന്ന് അന്വേഷണത്തിന്‍െറ ഗതി വ്യക്തമാണെന്നും അവര്‍ പറഞ്ഞു. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും വേണ്ടിവന്നാല്‍ നീതിക്കായി ശക്തമായ സമരങ്ങള്‍ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.