13ാം വയസിൽ പീഡനം; നീതിക്കായി കോടതിയിൽ 11 വർഷങ്ങൾ

ലക്നൗ: നീതിക്ക് വേണ്ടി 11 വർഷങ്ങളായി നിരന്തരം കോടതി കയറിയിറങ്ങുകയാണ് ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി. 13ാം വയസിൽ ബലാൽ സംഗത്തിനിരയായ ഇവളെ സ്കൂളിൽ നിന്ന് പുറത്താക്കിയതിൽ പിന്നെ അലഞ്ഞുതിരിയുന്ന കുട്ടികൾക്കുള്ള കേന്ദ്രത്തിലായിരുന്നു താമസം. ഇതിനിടയിൽ 36 തവണ കോടതി ഹാജരായി, ആറ് വിചാരണകൾ, അവസാനമില്ലാത്ത നിയമകുരുക്കുകൾ. ബാല്യത്തിനും കൗമാരത്തിനും ഇടക്കുള്ള ഏറ്റവും നല്ല 11 വർഷങ്ങൾ ഈ പെൺകുട്ടി കഴിച്ചുകൂട്ടിയത് ഇങ്ങനെയാണ്. കേസിലെ പ്രതികൾ അധികാരവും സ്വാധീനവുള്ളവരായതിനാൽ ഇപ്പോഴും പൊലീസിന്‍റെ സുരക്ഷയിലാണ് ഇവൾ കഴിയുന്നത്. 11 വർഷമായി നിയമവ്യവസ്ഥയോട് ഇവൾ ആവശ്യപ്പെടുന്നത് നീതി മാത്രമാണ്.

2005ൽ മഴയുള്ള ഒരു വൈകുന്നേരം വീട്ടുജോലി കഴിഞ്ഞ് അനുജനോടൊപ്പം തിരിച്ചുവരികയായിരുന്ന പെൺകുട്ടിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 17നും 19നും ഇടക്ക് പ്രയമുള്ള പ്രതികൾ മദ്യപിച്ചിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും കത്തുന്ന സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചുമാണ് സംഘം അവളെ പീഡിപ്പിച്ചത്. പിന്നീട് റോഡരികിൽ ഉപേക്ഷിച്ച അവൾക്കരികിൽ 20 രൂപയുടെ നോട്ട് ഇട്ടുകൊടുത്തശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. നടക്കാൻ പോലും കഴിയാതെ തീർത്തും അവശയായ അവളെക്കണ്ട് ഒരു പ്രേതമാണെന്ന് തെറ്റിദ്ധരിച്ച് റോഡിലുണ്ടായിരുന്ന സ്ത്രീകൾ ആദ്യം സഹായിക്കാൻ പോലും തയാറായില്ല.

പെൺകുട്ടി നൽകിയ മൊഴിയനുസരിച്ച് പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് നിന്നും അവളുടെ അടിവസ്ത്രങ്ങളും മുടിയും പൊലീസ് കണ്ടെടുത്തു. എന്നാൽ അധികാരവും സമ്പത്തുമുള്ള ഗൗരവ് ശുക്ളക്ക് അനുകൂലമായാണ് തെളിവുകൾ. അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതി സാധാരണ ജീവിതം നയിക്കുകയാണ്. ഇരയായ പെൺകുട്ടി ഇപ്പോഴും പീഡനത്തന്‍റെ മുറിവുകളുമായി പുറത്ത് പൊലീസ് സുരക്ഷയിലും.

ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കൂടി വരുന്നതിനുള്ള പ്രധാന കാരണവും ഇതാണെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഓരോ 30 മിനിറ്റിലും ഒരു പെൺകുട്ടി ബലാൽസംഗത്തിന് വിധേയമാക്കപ്പെടുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. കോടതികളിൽ നിന്ന് പലപ്പോഴും യാതൊരു പരിഗ‍ണനയും ഇരകൾക്ക് ലഭിക്കാറില്ലെന്ന് അഭിഭാഷകരും സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും  വ്യക്തമാക്കുന്നു.  പ്രതികൾ നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ ജീവിതം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.