ന്യൂഡല്‍ഹി: സൗദിയില്‍ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ സൗദിയിലേക്ക് പുറപ്പെടാനിരുന്ന മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ ലോക്സഭയില്‍ ബഹളം. ഇതേതുടര്‍ന്ന് വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ വിശദീകരണം തിങ്കളാഴ്ച മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ അറിയിക്കുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ ഉറപ്പുനല്‍കി.
കേരളത്തില്‍നിന്നുള്ള എം.പിമാര്‍ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രമേയത്തിന് അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് കേരള എം.പിമാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ബഹളം വെച്ചത്. തുടര്‍ന്ന് ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. സംസ്ഥാന മന്ത്രിയുടെ സൗദി യാത്രക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിന്‍െറ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ജോലിയും കൂലിയും നഷ്ടപ്പെട്ട് സൗദിയില്‍ ദുരിതത്തിലായവരില്‍ നിരവധി പേര്‍ മലയാളികളാണ്.
ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. ദുരിതത്തിലായവരെ സഹായിക്കാനും കുടുംബങ്ങളുടെ ആശങ്ക അകറ്റാനുമാണ് സംസ്ഥാനത്തിന്‍െറ പ്രതിനിധിയായി മന്ത്രി സൗദിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. അതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് തീര്‍ത്തത് ശരിയായില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ളെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഈ സമയത്ത് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച മന്ത്രി മറുപടി നല്‍കാമെന്നാണ് പാര്‍ലമെന്‍ററികാര്യമന്ത്രി സഭയില്‍ ഉറപ്പുനല്‍കിയത്.
അതിനിടെ, മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി തെറ്റാണെന്ന് തരൂര്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കാന്‍ സംസ്ഥാനത്തിന്‍െറ പ്രതിനിധിയായി മന്ത്രി വിദേശത്ത് പോകുന്നത് കേന്ദ്രം വിലക്കേണ്ട കാര്യമില്ല. ഇത്തരം ഘട്ടങ്ങളില്‍ നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കേണ്ടതുമാണ്. നയതന്ത്ര പാസ്പോര്‍ട്ട് കിട്ടിയില്ളെങ്കിലും സാധാരണ പാസ്പോര്‍ട്ടില്‍ ജലീല്‍ സൗദിയിലേക്ക് പുറപ്പെടണമെന്നും സാധ്യമായ ആശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.