മന്യയും വിവേകാനന്ദും
ബംഗളൂരു: ഹുബ്ബള്ളി താലൂക്കിലെ ബെലഗലിക്കടുത്ത ഇനാം വീരപൂർ ഗ്രാമത്തിൽ നടന്ന ദുരഭിമാന ആക്രമണത്തിൽ യുവതിക്കും ഗർഭസ്ഥ ശിശുവിനും ദാരുണാന്ത്യം. മന്യ വിവേകാനന്ദ് ദൊഡ്ഡമണിയാണ് (19) കൊല്ലപ്പെട്ടത്. അക്രമത്തിനിരയായ യുവതി ആറുമാസം ഗർഭിണിയായിരുന്നു.
മന്യ വ്യത്യസ്ത ജാതിയിൽപ്പെട്ട വിവേകാനന്ദ് ദൊഡ്ഡമണിയെ (21) വിവാഹം കഴിച്ച് മാസങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിൽ എത്തിയതായിരുന്നു. കഴിഞ്ഞ മേയ് മാസം മന്യയുടെ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ മന്യയെ ഗുരുതര പരിക്കുകളോടെ ഞായറാഴ്ച രാത്രി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഭർത്താവ് വിവേകാനന്ദിനും മാതാപിതാക്കൾക്കും പരിക്കേറ്റു.
ദമ്പതികൾ ഗ്രാമത്തിൽ തിരിച്ചെത്തിയതോടെ വീണ്ടും സംഘർഷം ഉടലെടുത്തു . വിവേകാനന്ദും പിതാവും കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഒരുസംഘം അവരെ ആക്രമിച്ചു. പിന്നീട് അക്രമികൾ വീട്ടിൽ കയറി മന്യയെയും അമ്മായിയമ്മ റെനവ്വയെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും ആക്രമിച്ചു. മന്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗർഭസ്ഥ ശിശുവിന്റെ മരണവും ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രകാശ്ഗൗഡ പാട്ടീൽ, അരുൺഗൗഡ പാട്ടീൽ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു. എട്ട് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണവും സംഭവങ്ങളുടെ കൃത്യമായ ക്രമവും അന്വേഷിക്കുകയാണ്.
ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാറും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി പരിക്കേറ്റവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ ആശുപത്രിയിലും ഗ്രാമത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദമ്പതികൾക്ക് ഭീഷണിയുണ്ടായതിനെത്തുടർന്ന് അവർ ഇരുവരുടെയും കുടുംബങ്ങളെ കൗൺസലിങ്ങിനും പ്രതിരോധ കേസ് രജിസ്റ്റർ ചെയ്യുന്നതിനും വിളിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മന്യയും വിവേകാനന്ദും ഹാവേരിയിലേക്ക് താമസം മാറിയിരുന്നു. എല്ലാം ശാന്തമായെന്ന ധാരണയിലാണ് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.