ഭിന്നലിംഗ വിഭാഗക്കാരോട് വിവേചനം തടയാനുള്ള പുതിയ ബില്‍ ലോക്സഭയില്‍

ന്യൂഡല്‍ഹി: ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരെ പ്രത്യേക വിഭാഗമായി അംഗീകരിക്കാനും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തടയാനും വ്യവസ്ഥചെയ്യുന്ന ട്രാന്‍സ് ജെന്‍ഡര്‍ പേഴ്സന്‍ (അവകാശ സംരക്ഷണ) ബില്‍ 2016 ലോക്സഭയില്‍ അവതരിപ്പിച്ചു. പുതിയ നിയമം അനുസരിച്ച് ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരാണെന്നതിന്‍െറ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ ആശുപത്രികളിലോ എന്തെങ്കിലും വിവേചനം കാണിക്കുന്നത് കുറ്റകരമാണ്. ഇത്തരക്കാരെ വീടുകളില്‍നിന്ന് പുറത്താക്കുന്നത്, ഗ്രാമങ്ങളില്‍ വിലക്ക് കല്‍പിക്കുന്നത്, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്നിവയെല്ലാം കുറ്റകൃത്യമാണ്. ഭിന്നലിംഗക്കാരായതിനാല്‍ വാടക വീടുകളോ, ഹോട്ടല്‍ മുറികളോ നിഷേധിക്കുന്നതും ശിക്ഷാര്‍ഹമാണ്.   
സ്ഥാനക്കയറ്റത്തിലും ഉത്തരവാദിത്തം നല്‍കുന്നതിലും ഇവരോട് വിവേചനം പാടില്ല. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും യോഗ്യതയനുസരിച്ച് സ്ഥാനങ്ങളും പദവികളും ലഭിക്കാന്‍ ഭിന്നലിംഗക്കാര്‍ക്കും അവകാശം നല്‍കുന്നു. ഈ വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തില്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ദേശീയ കൗണ്‍സില്‍ രൂപവത്കരിക്കും.  
കേന്ദ്ര സാമൂഹികനീതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ സംസ്ഥാനങ്ങളുടെയും ദേശീയ മനുഷ്യാവകാശ കമീഷന്‍െറയും പ്രതിനിധികള്‍ക്കൊപ്പം ഭിന്നലിംഗ വിഭാഗക്കാരെയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ പ്രതിനിധികളെയും അംഗങ്ങളാക്കും.  സാമൂഹികനീതി മന്ത്രി  താവര്‍ ചന്ദ് ഗെലോട്ട് അവതരിപ്പിച്ച ബില്‍ പ്രകാരം സ്ത്രീയുടെയോ പുരുഷന്‍െറയോ പൂര്‍ണ സ്വഭാവ വിശേഷങ്ങളില്ലാത്ത, രണ്ടു വിഭാഗത്തിലും പെടാത്ത ആളുകളെ ഭിന്നലിംഗ വിഭാഗമായി അംഗീകരിക്കാം. ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരാണെന്ന് അംഗീകാരം നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ക്രീനിങ് കമ്മിറ്റി നിലവില്‍വരും.
ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടതായതിന്‍െറ പേരില്‍ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍നിന്ന് വേര്‍പിരിക്കാനോ, സ്വന്തം വീട്ടില്‍നിന്ന് മാറ്റിനിര്‍ത്താനോ പാടില്ല.
ലിംഗമാറ്റ ശസ്ത്രക്രിയക്കും ശേഷമുള്ള കൗണ്‍സലിങ്ങിനും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഈ വിഭാഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതും സര്‍ക്കാറുകളുടെ ബാധ്യതയാണെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.