മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് വധശിക്ഷ

മുംബൈ: ഏഴു മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. ഏഴു പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പ്രത്യേക മകോക കോടതി ജഡ്ജി യതിന്‍ ഡി. ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ചെയ്ത കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇവര്‍ ദയ അര്‍ഹിക്കുന്നില്ളെന്നും കോടതി നിരീക്ഷിച്ചു.

കമാല്‍ അഹമ്മദ് അന്‍സാരി (37), മുഹമ്മദ് ഫൈസല്‍ ശൈഖ് (36), ആസിഫ് ഖാന്‍ (38), ഇഹ്തിശാം സിദ്ദീഖി (30), നവീദ് ഹുസൈന്‍ ഖാന്‍ (30) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ട്രെയിനുകളില്‍ ബോംബ് സ്ഥാപിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. തന്‍വീര്‍ അഹ്മദ് അന്‍സാരി (37), മുഹമ്മദ് മജീദ് ഷാഫി (32), മുഹമ്മദ് അലി ആലം ശൈഖ് (41), മുഹമ്മദ് സാജിദ് അന്‍സാരി (34), മുസാമില്‍ ശൈഖ് (27), സൊഹൈല്‍ മുഹമ്മദ് ശൈഖ് (43), സമീര്‍ അഹ്മദ് ശൈഖ് (36) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. തന്‍വീര്‍ അഹ്മദ് അന്‍സാരി, മുഹമ്മദ് മജീദ് ഷാഫി, ശൈഖ് ആലം ശൈഖ് എന്നിവര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.


ഒമ്പതു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 11ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ കോടതി (മകോക) ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയത്. മറ്റൊരു പ്രതിയായ അബ്ദുല്‍ വാഹിദ് ശൈഖിനെ (34) കോടതി വെറുതെവിട്ടു. പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷയുടെ കാര്യത്തില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. 12 പ്രതികളില്‍ എട്ടു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നാലുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. നിരോധിത സംഘടനയായ ‘സിമി’യുമായി ബന്ധമുള്ളവരാണ് പ്രതികള്‍.

ഇന്ത്യന്‍ ശിക്ഷാനിയമം, സ്ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവൃത്തികള്‍ തടയല്‍ നിയമം (യു.എ.പി.എ), പൊതുസ്വത്ത് നശിപ്പിക്കല്‍, റെയില്‍വേ നിയമം, മകോക എന്നീ നിയമങ്ങള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടത്തെിയത്. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധസേന 2006 നവംബറിലാണ് 30 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 17 പ്രതികള്‍ ഒളിവിലാണ്. ഇവരില്‍ ലശ്കറെ ത്വയ്യിബ അംഗം അസം ചീമ ഉള്‍പ്പെടെ 13 പേര്‍ പാകിസ്താനികളാണ്. 2014 ആഗസ്റ്റ് 19നാണ് വിചാരണ പൂര്‍ത്തിയായത്. മുംബൈയുടെ പ്രാന്തത്തിലുള്ള ഗോവന്ദിയിലെ ഒരു മുറിയിലാണ് സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ചതെന്നും ഏതാനും പാകിസ്താന്‍ പൗരന്മാരും നിര്‍മാണത്തില്‍ പങ്കാളികളായെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2006 ജൂലൈ 11ന് വിവിധ സബര്‍ബന്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ളാസ് കോച്ചുകളിലായി ഏഴ് സ്ഫോടനങ്ങളാണുണ്ടായത്. 10 മിനിറ്റിനിടെയായിരുന്നു സ്ഫോടനങ്ങളെല്ലാം. 2008ല്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത വിചാരണ രണ്ടു വര്‍ഷത്തിനുശേഷമാണ് പുനരാരംഭിച്ചത്. എട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും 18 ഡോക്ടര്‍മാരുമുള്‍പ്പെടെ 192 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പ്രതികളെ ‘മരണത്തിന്‍െറ വ്യാപാരികള്‍’ എന്നാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.