പേവിഷബാധക്കെതിരെ ബോധവത്കരണ ഡോക്യുമെന്‍ററിയുമായി വെറ്ററിനറി ഡോക്ടര്‍
കണ്ണൂര്‍: ലോകത്ത് ഓരോ 10 മിനിറ്റിലും പേവിഷ ബാധയേറ്റ് ഒരാള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ അതിദയനീയ മരണം ദൃശ്യവത്കരിച്ച് പേവിഷ ബാധക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനുള്ള യജ്ഞത്തിലാണ് മൃഗസംരക്ഷണ വകുപ്പില്‍നിന്ന് വിരമിച്ച ഡോ. എം. ഗംഗാധരന്‍ നായര്‍. പേവിഷബാധയേറ്റാല്‍ മരണം സുനിശ്ചിതമാണെന്ന മുന്നറിയിപ്പാണ് ഇദ്ദേഹം തയാറാക്കിയ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി നല്‍കുന്നത്.
ലൂയി പാസ്റ്ററുടെ ചിത്രത്തിലൂടെ തുടങ്ങുന്ന ഡോക്യുമെന്‍ററിയില്‍ ആദിമ മനുഷ്യന്‍ മുതല്‍ പുതിയ തലമുറവരെ നായകളുമായുള്ള ബന്ധവും ചിത്രീകരിക്കുന്നുണ്ട്. പേവിഷബാധയേറ്റ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് കാതല്‍. ഒരാള്‍ ചികിത്സയെടുക്കുന്നു. മറ്റേയാള്‍ ചികിത്സ തേടാതെ മുറിവില്‍ ചുണ്ണാമ്പ് പുരട്ടി വീട്ടില്‍ തന്നെ കഴിയുന്നു. രണ്ടാമത്തെയാള്‍ പിന്നീട് വിഷബാധമൂലം പരാക്രമിയായി ദയനീയമായി മരിക്കുന്ന രംഗങ്ങളിലൂടെയാണ് ഡോക്യുമെന്‍ററി വികസിക്കുന്നത്.തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കരുതലെടുക്കേണ്ട സന്ദേശമാണ് ഡോക്യൂമെന്‍ററി ജനങ്ങളുമായി സംവദിക്കുന്നത്.
പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ച ലൂയി പാസ്റ്റര്‍ എന്ന ശാസ്ത്രജ്ഞന്‍െറ അനുസ്മരണാര്‍ഥമാണ് സെപ്റ്റംബര്‍ 28 ലോക പേവിഷ ബാധ ദിനമായി ആചരിക്കുന്നത്. 2007 മുതല്‍ 135ലധികം രാജ്യങ്ങളില്‍ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. ഗുഡ് സര്‍വിസ് എന്‍ട്രിക്ക് അര്‍ഹനായ ഡോ. എം. ഗംഗാധരന്‍ നായര്‍ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ആയിരത്തില്‍പരം ലേഖനങ്ങള്‍ വിവിധ പത്രങ്ങളിലും മാസികകളിലും എഴുതിയിട്ടുണ്ട്. ‘പ്രകാശം പരത്തുന്ന ഗ്രാമം’എന്ന നോവലിന് സര്‍ഗദീപ്തി അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു നീണ്ട കാലം സര്‍വിസില്‍ ഉണ്ടായിരുന്നത്. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അദ്ദേഹം പൂങ്കുന്നത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.