ഖനി ലൈസന്‍സില്‍ കുരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ വിവാദനായകന്‍ ലളിത് മോദിയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണം നേരിടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പുതിയ കുരുക്കില്‍. സംസ്ഥാനത്ത് ഖനന ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടത്തെി. വസുന്ധരയുമായി അടുത്തബന്ധമുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഖനനവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അശോക് സിങ്വി അടക്കം ഏതാനും ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും ചെയ്തു.
ഖനികള്‍ അനുവദിച്ചതില്‍ 45,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ക്രമക്കേടിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി വസുന്ധര രാജെ രാജിവെക്കണമെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. ലളിത് മോദി വിവാദത്തില്‍ വസുന്ധര രാജെയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് പിന്നാലെയാണ് ഖനനാനുമതി വിവാദം.
കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങള്‍ക്ക് വിരുദ്ധമായി 653 ഖനികളാണ് രാജസ്ഥാനില്‍ അനുവദിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, രാജസ്ഥാന്‍ പി.സി.സി പ്രസിഡന്‍റ് സചിന്‍ പൈലറ്റ്, നിയമസഭാകക്ഷി നേതാവ് രാമേശ്വര്‍ ദുദി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
രണ്ടു ലക്ഷം കോടി രൂപ വിലമതിക്കുന്ന ധാതുനിക്ഷേപമുള്ള ലക്ഷം ‘ബിഗ’ ഭൂമിയാണ് ഇത്രയും ഖനികള്‍ അനുവദിക്കുകവഴി ലേലം കൂടാതെ കൈമാറിയിരിക്കുന്നത്. ലേലത്തില്‍ കൊടുത്താല്‍ രാജസ്ഥാന്‍സര്‍ക്കാറിന് 45,000 കോടി രൂപ കിട്ടുമായിരുന്നു. വല്ലാത്ത ധിറുതിയിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫയലുകള്‍ നീക്കിയത്. മന്ത്രിയും ബന്ധപ്പെട്ട 10 ഉദ്യോഗസ്ഥരും ഒറ്റദിവസമാണ് ഫയല്‍ ഒപ്പിട്ടത്. ഒറ്റദിവസം അനുവദിച്ചത് 137 ഖനികളാണ്.
പൊതുപ്പണം വിഴുങ്ങില്ല, വിഴുങ്ങാന്‍ സമ്മതിക്കില്ളെന്ന് സ്റ്റേജില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട കോഴവിവാദങ്ങളില്‍ മൗനംപാലിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഖനനാനുമതി ലേലം ചെയ്യാതെ ‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം’ എന്ന നയമാണ് ബി.ജെ.പിസര്‍ക്കാര്‍ സ്വീകരിച്ചത്. യു.പി.എ സര്‍ക്കാറും അന്നത്തെ ടെലികോം മന്ത്രി എ. രാജയും 2ജി അഴിമതിക്കേസില്‍ കുടുങ്ങിയത് സമാനനയം സ്വീകരിച്ച് തട്ടിപ്പ് നടത്തുകയും ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടമുണ്ടാവുകയും ചെയ്തെന്ന കേസിലാണ്. ഖനികള്‍ ലേലംചെയ്ത് വില്‍ക്കണമെന്നാണ് ഖനി-ധാതുനിയമം നിര്‍ദേശിക്കുന്നത്. അറസ്റ്റിലായ സിങ്വി, കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിലും ഇതേ പദവി വഹിച്ചയാളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.