സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് കെജ് രിവാള്‍

ന്യൂഡ്യല്‍ഹി: ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അറസ്റ്റില്‍ നിന്നും ഒളിച്ചോടുന്നതിലൂടെ സോംനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നം സൃഷ്ടിക്കുകയാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. സോംനാഥ് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ലിപിക മിത്ര നല്‍കിയ  പരാതിയില്‍ ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഭാരതിയെ കണ്ടത്തൊനായില്ല. ഇതിന് പിന്നാലെയാണ് സോംനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നം സൃഷ്ടിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത്.

മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ലിപിക  മിത്ര ജൂണിലാണു ഡല്‍ഹി വനിതാ കമീഷനു പരാതി നല്‍കിയത്.  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് പരാതി. ഗാര്‍ഹിക പീഡനം, വധശ്രമം അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ദ്വാരക നോര്‍ത്ത് പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012 ലാണ് സോംനാഥ് ഭാരതി ലിപിക മിശ്രയെ വിവാഹം ചെയ്തത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.