കല്‍ബുര്‍ഗി വധം: എഴുത്തുകാരുടെ വീട് തകര്‍ക്കുമെന്ന് ശ്രീരാമസേന

ബംഗളൂരു: കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്ത എഴുത്തുകാര്‍ക്ക് ശ്രീരാമ സേനയുടെ ഭീഷണി. പ്രമുഖ കവി ചന്നവീര കനവി, എഴുത്തുകാരന്‍ ഗിരാഡി ഗോവന്ദ രാജ എന്നിവര്‍ക്കാണ് ഭീഷണി. തങ്ങള്‍ക്കെതിരെ തെളിവ് സമര്‍പ്പിക്കാന്‍ ആയില്ളെങ്കില്‍ ഇരുവരുടെയും വീട് തകര്‍ക്കുമെന്ന് ശ്രീരാമസേനാ മേധാവി മഞ്ജുനാഥ് ബവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇരുവര്‍ക്കും ഒരുമാസത്തെ സമയം നല്‍കുന്നതായും അതിനകം തെളിവ് ഹാജരാക്കിയില്ളെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും മഞ്ജുനാഥ് ഭീഷണിപ്പെടുത്തി. കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിച്ച് ചന്നവീര കനവി, ഗിരാഡി ഗോവന്ദ രാജ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ദിവസം മുമ്പ് ധാര്‍വാഡില്‍ യുക്തിവാദികളുടെ പ്രകടനം നടന്നിരുന്നു.

കൊലപാതകത്തില്‍ ശ്രീരാമസേനയുടെ പങ്ക് അന്വേഷിക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് ധാര്‍വാഡ് അസിസ്റ്റന്‍റ് കമീഷണര്‍ക്ക് ഇവരുടെ നേതൃത്വത്തില്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുകയുമുണ്ടായി. ഇതില്‍ സംഘടനക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീരാമസേനയുടെ ഭീഷണി. പ്രകടനത്തില്‍ പങ്കെടുത്ത 138 പേര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് ശ്രീരാമസേന നോട്ടീസ് അയച്ചിട്ടുണ്ട്.

കര്‍ണാടകയിലെ പ്രമുഖ കവിയും ചിന്തകനുമാണ് ചന്നവീര കനവി. കര്‍ണാടക യൂനിവേഴ്സിറ്റിയില്‍ ഡയറക്ടറായിരുന്ന ചിന്നവീരക്ക് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്കാരമടക്കം വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.