അഭയാര്‍ഥികള്‍ മുഴുവനും സിറിയക്കാരല്ല -അംബാസഡര്‍

ന്യൂഡല്‍ഹി: അഭയാര്‍ഥികള്‍ എന്ന പേരില്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന മുഴുവന്‍പേരും സിറിയക്കാരല്ളെന്നും പുറത്തുനിന്നത്തെി കുഴപ്പം സൃഷ്ടിച്ച ഐ.എസ് ഭീകരവാദികള്‍പോലും അവസരം മുതലാക്കി മടങ്ങുന്നുണ്ടെന്നും ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ ഡോ. റിആദ് കമാല്‍ അബ്ബാസ്. അമേരിക്കയും ഇസ്രായേലും സൗദിയും തുര്‍ക്കിയുമെല്ലാം ഉള്‍പ്പെട്ട ഹീനമായ ഒരു അച്ചുതണ്ടാണ് ഐ.എസ് ഭീകരതയെ പരിപോഷിപ്പിക്കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എത്ര ഇന്ത്യക്കാര്‍ സിറിയയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് നിശ്ചയമില്ല. അതുസംബന്ധിച്ച് വ്യക്തമായി പറയാന്‍ കഴിയുക തീവ്രവാദികള്‍ക്കു വേണ്ടി സിറിയന്‍ അതിര്‍ത്തി തുറന്നിട്ട തുര്‍ക്കിക്കാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഇറാഖിലും സിറിയയിലും മേഖലയിലെമ്പാടും കുഴപ്പങ്ങള്‍ പടച്ചുണ്ടാക്കിയ അമേരിക്ക ഇപ്പോള്‍ ഏഷ്യ-പസഫിക് രാജ്യങ്ങളിലാണ് കണ്ണുവെച്ചിരിക്കുന്നത്. ലോകത്തെ മേല്‍ക്കോയ്മ തകര്‍ന്നുതുടങ്ങിയതും ബ്രിക് രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. സോവിയറ്റ് യൂനിയനെ തോല്‍പിക്കാന്‍ അല്‍ഖാഇദയെ സൃഷ്ടിച്ച അമേരിക്ക യു.എസ്.എസ്.ആറിന്‍െറ പതനത്തിനു ശേഷം അഫ്ഗാനില്‍ അധിനിവേശം നടത്തിയപ്പോള്‍ ഒരുപാട് സൈനികരെ നഷ്ടപ്പെട്ടു.

മറ്റു രാജ്യങ്ങള്‍ കീഴടക്കാന്‍ സ്വന്തം പട്ടാളത്തെ ഉപയോഗിക്കുന്നതിലും എളുപ്പം അതതിടത്ത് ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞാണ് അവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത്. മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരായ ഇസ്രായേല്‍ എല്ലാവിധത്തിലും ഐ.എസിനെ പിന്തുണക്കുന്നുണ്ട്. ഐ.എസ്, അല്‍ഖാഇദ, താലിബാന്‍, ലശ്കര്‍ തുടങ്ങിയ ഗ്രൂപ്പുകളെല്ലാം ഇസ്ലാംവിരുദ്ധമാണ്. വഹാബിസവും സലഫിസവുമാണ് യുവാക്കളെ തെറ്റായ പാതയിലേക്ക് നയിക്കുന്നത്. സിറിയ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും ജീവകാരുണ്യ മേഖലയില്‍ ഇന്ത്യയുടെ പിന്തുണ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യത്തിന്‍െറ അഭ്യന്തര പ്രശ്നത്തില്‍ പുറത്തുനിന്ന് ഇടപെടരുതെന്ന യു.എന്‍ തത്ത്വത്തില്‍ ഉറച്ചുനിന്ന ഇന്ത്യന്‍ നിലപാട് സ്തുത്യര്‍ഹമാണ്.  

സിറിയയിലെ പ്രശ്നം പരിഹരിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. ആയുധങ്ങളോ കൊലപാതകമോ പരിഹാരമാര്‍ഗം തുറക്കില്ല. സര്‍ക്കാറിനൊപ്പം ചേര്‍ന്ന് പ്രശ്നപരിഹാരത്തിനു ശ്രമിക്കുക, അല്ളെങ്കില്‍ ഐ.എസ്, അന്നുസ്റ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ നശിപ്പിക്കുക എന്നീ വഴികളാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ ലോകം സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, വൈദ്യസഹായം, സബ്സിഡികള്‍ എന്നിവയെല്ലാം നല്ല രീതിയില്‍ നല്‍കിവന്ന രാജ്യമാണ് സിറിയയെന്നും ഇപ്പോഴത്തെ പ്രതിസന്ധി വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.