ഭിന്നലിംഗക്കാര്‍ക്ക് സമാധാനജീവിതം ഉറപ്പാക്കും -മന്ത്രി മുനീര്‍

ന്യൂഡല്‍ഹി: മാന്യതയോടെയും സമാധാനത്തോടെയും ജീവിക്കാനാവാത്തതുമൂലം ഭിന്നലിംഗക്കാര്‍ക്ക് കേരളം വിടേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. സംസ്ഥാനത്ത് 4000 ട്രാന്‍സ്ജെന്‍ഡറുകളുണ്ട്. കേരളസമൂഹം അംഗീകരിക്കാത്തതുമൂലം പലര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ അഭയം തേടേണ്ട  അവസ്ഥയാണ്.
ഭിന്നലിംഗക്കാരുടെ വിഷയത്തില്‍ സര്‍ക്കാര്‍നയം രൂപവത്കരിച്ചതായും അവരുടെ ക്ഷേമവും തുല്യനീതിയും ഉറപ്പാക്കുന്നതിന് കര്‍മപദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശിച്ച ജോലിസംവരണം ഉള്‍പ്പെടെയുള്ള നടപടികള്‍ താമസിയാതെ കേരളം നടപ്പാക്കും. അപേക്ഷാഫോറങ്ങളില്‍ ലിംഗം രേഖപ്പെടുത്തുന്നിടത്ത് മൂന്നാമതൊരു കോളംകൂടി ഏര്‍പ്പെടുത്താന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. ലിംഗസമത്വം സംബന്ധിച്ച് ഈ വര്‍ഷം നവംബര്‍ 12 മുതല്‍ 14വരെ സംസ്ഥാനസര്‍ക്കാര്‍ കോവളത്ത് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ ഈ വിഷയവും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്‍െറ ഉദ്ഘാടനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചിട്ടുണ്ട്. സുഷമ സ്വരാജ്, മേനക ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയ കേന്ദ്രമന്ത്രിമാരും 40 വിദേശ പ്രതിനിധികളടക്കം അക്കാദമീഷ്യന്മാരും ആക്ടിവിസ്റ്റുകളും പങ്കെടുക്കും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.