പട്ന: തെരഞ്ഞെടുപ്പിനു മുന്നോടിയായി പണമൊഴുക്കും പെരുമാറ്റച്ചട്ട ലംഘനവും കണ്ടത്തൊന്‍ ബിഹാറില്‍ പൊലീസും നികുതി വകുപ്പും നടത്തിയ വ്യാപക പരിശോധനയില്‍ കണക്കിലില്ലാത്ത 1.65 കോടി രൂപയും ലൈസന്‍സില്ലാത്ത 10,386 ലിറ്റര്‍ മദ്യവും 100 കിലോ കഞ്ചാവും പിടിച്ചെടുത്തു.
റാംപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പ്രദേശത്ത് കാറില്‍നിന്ന് 1.38 കോടി രൂപ പിടികൂടിയതായി അഡീഷനല്‍ ചീഫ് ഇലക്ഷന്‍ ഓഫിസര്‍ ആര്‍.ലക്ഷ്മണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ വാഹനം രണ്ടു പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനായി ചട്ടങ്ങള്‍ ലംഘിച്ച് പണം കൊണ്ടുപോകുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗയമാനു മഹാരാജ് പറഞ്ഞു.
പട്നയിലെ കോത്ത്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 13 ലക്ഷവും വൈശാലിയില്‍ ആറു ലക്ഷവും മധുബാനിയില്‍ 1.40 ലക്ഷവും ഭോജ്പുരില്‍ 2.70 ലക്ഷവും നളന്ദയില്‍ 2.90 ലക്ഷവും രൂപ പിടിച്ചെടുത്തു.
വാഹനപരിശോധനയിലാണ് ഇവയെല്ലാം പിടികൂടിയതെന്ന് ലക്ഷ്മണന്‍ പറഞ്ഞു.
സംസ്ഥാനത്തുനിന്ന് ആകെ ലൈസന്‍സില്ലാത്ത 10,386 ലിറ്റര്‍ മദ്യവും ഖജാറിയ ജില്ലയില്‍നിന്ന് 100 കിലോ കഞ്ചാവും പിടികൂടിയെന്നും അഡീഷനല്‍ സി.ഇ.ഒ അറിയിച്ചു.
പോസ്റ്ററുകളും ബാനറുകളും പതിക്കാന്‍ പൊതുമുതല്‍ വികൃതമാക്കിയതിന് 27 കേസുകളും സ്വകാര്യമുതല്‍ വികൃതമാക്കിയതിന് 24 കേസുകളും ബീക്കണ്‍, ലൈറ്റ്, കൊടി എന്നിവകൊണ്ട് വാഹനം ദുരുപയോഗം ചെയ്തതിന് 22 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലൈസന്‍സില്ലാത്ത ഏഴ് ആയുധങ്ങളും 12 വെടിയുണ്ടകളും പിടികൂടിയവയില്‍പ്പെടും. പുറമെ, 796 ജാമ്യമില്ലാ വാറണ്ടുകള്‍ നടപ്പാക്കിയതായും വാഹന പരിശോധനയില്‍ പിഴയിനത്തില്‍ 4,15,133 രൂപ ശേഖരിച്ചതായും ലക്ഷ്മണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.