യു.പിയില്‍ 1500 കുടുംബങ്ങളെ ഘര്‍ വാപസി നടത്തുമെന്ന് വി.എച്ച്.പി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ വീണ്ടും ധ്രുവീകരണം ശക്തമാക്കാന്‍ ഘര്‍ വാപസി ഭീഷണിയുമായി വി.എച്ച്.പി. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി മേധാവി മുലായംസിങ് യാദവിന്‍െറ ശക്തികേന്ദ്രമായ മെയിന്‍പുരിയില്‍ 1500 മുസ്ലിം കുടുംബങ്ങളെ ഘര്‍ വാപസി നടത്തുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം. ഇവരുടെ പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നെന്നും അവരെ പഴയ വിശ്വാസത്തിലേക്ക് തിരികെയത്തെിക്കാന്‍ വി.എച്ച്.പി വളന്‍റിയര്‍മാര്‍ മേഖലയില്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തിവരുകയാണെന്നും മുതിര്‍ന്ന നേതാവ് അജ്ജു ചൗഹാന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ ദരിദ്രമുസ്ലിംകളെ ബി.പി.എല്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വാഗ്ദാനംചെയ്ത് നടത്തിയ മതംമാറ്റല്‍പൂജക്ക് നേതൃത്വം നല്‍കിയയാളാണ് ചൗഹാന്‍.
മാട്ടിറച്ചി കഴിക്കുന്ന ശീലം നിര്‍ത്താനാണ് മുഖ്യമായി നിര്‍ദേശിച്ചിരിക്കുന്നതെന്നും നിരവധി കുടുംബങ്ങള്‍ അതിനു തയാറായതായും ചൗഹാന്‍ അവകാശപ്പെടുന്നു. ഹിന്ദു ജീവിതരീതി പൂര്‍ണമായും ഇവരെ അഭ്യസിപ്പിക്കുമെന്നും ക്രമേണ ഹിന്ദുക്കളായി മാറുമെന്നും വി.എച്ച്.പി വിശ്വസിക്കുന്നു. മെയിന്‍പുരിയിലെ രണ്ടു ഗ്രാമങ്ങളിലാണ് ഘര്‍ വാപസി നടപ്പാക്കുന്നതെന്നറിയിച്ചെങ്കിലും കൃത്യമായ സ്ഥലപ്പേര്‍ വെളിപ്പെടുത്താന്‍ നേതാക്കള്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ വ്യാജ ചടങ്ങ് നടത്തിയതിനു പിന്നാലെ അലീഗഢിലും അഅ്സംഗഢിലും വമ്പിച്ച മതംമാറ്റ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും എതിര്‍പ്പുകളെതുടര്‍ന്ന് പിന്‍വലിയുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.