മാഞ്ചി ഉടക്കി തന്നെ; എന്‍.ഡി.എ സീറ്റുധാരണ അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും തമ്മിലുള്ള ഉടക്ക് തുടരുന്നു. ആദ്യം 15 സീറ്റ് വെച്ചുനീട്ടിയ ബി.ജെ.പി ഒന്നോ രണ്ടോ സീറ്റുകള്‍ കൂടി നല്‍കാനുള്ള സന്നദ്ധത ഞായറാഴ്ച അറിയിച്ചെങ്കിലും മാഞ്ചി വഴങ്ങിയില്ല. ആവശ്യപ്പെട്ട 20 സീറ്റില്‍ ഒന്നുപോലും കുറച്ച് സ്വീകരിക്കില്ളെന്ന ഉറച്ച നിലപാടിലാണ് മാഞ്ചി.

മാന്യമായ പരിഗണന നല്‍കുമോയെന്ന് അറിയാന്‍ ഞായറാഴ്ചവരെ കാത്തിരിക്കുമെന്നും അതുണ്ടായില്ളെങ്കില്‍ സഖ്യം പിരിയാമെന്നും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വക്താവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു. എന്നാല്‍, ചോദിച്ച അത്രയും സീറ്റ് ലഭിക്കാത്തതില്‍ അസ്വസ്ഥനല്ളെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞായറാഴ്ച മാഞ്ചി നല്‍കിയ മറുപടി.  മാഞ്ചിയുമായുള്ള ഉടക്കിനെ തുടര്‍ന്ന് ശനിയാഴ്ച പ്രഖ്യാപിക്കാനിരുന്ന എന്‍.ഡി.എ സീറ്റുധാരണ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്. അതിനിടെ, എന്‍.ഡി.എയുടെ മുഖ്യഘടകകക്ഷികളായ രാംവിലാസ് പാസ്വാന്‍െറ ലോക് ജനശക്തി പാര്‍ട്ടി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി എന്നിവയുമായി ബി.ജെ.പി സീറ്റുധാരണയിലത്തെി.

പാസ്വാന് 40ഉം കുശ്വാഹക്ക് 25ഉം സീറ്റുകളാണ് നല്‍കുക. 15 എണ്ണം മാഞ്ചിക്ക് നല്‍കി അവശേഷിക്കുന്ന 163 സീറ്റുകളില്‍ മത്സരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ശനിയാഴ്ച രാത്രി ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം  ഒന്നോ രണ്ടോ സീറ്റുകള്‍കൂടി നല്‍കി അനുനയിപ്പിക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്. ഇതനുസരിച്ച് ബിഹാറിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍, മാഞ്ചിയെ കണ്ട് ഇക്കാര്യം അറിയിച്ചു. എന്നാല്‍, 20 തന്നെ വേണമെന്ന നിലപാട് മാഞ്ചി ആവര്‍ത്തിച്ചു.   

പിന്നാലെ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ഉപേന്ദ്രയാദവ് എന്നിവരും മാഞ്ചിയെ കണ്ട് അനുനയശ്രമം നടത്തിയെങ്കിലും അദ്ദേഹം അയയുന്നതിന്‍െറ സൂചന നല്‍കിയിട്ടില്ല. രാം വിലാസ് പാസ്വാന് 40 സീറ്റ് നല്‍കുമ്പോള്‍ തനിക്ക് വെച്ചുനീട്ടിയ 15 നന്നേ കുറഞ്ഞുപോയെന്നും  മുന്നണിയില്‍ പാസ്വാനേക്കാള്‍ വളരെ താഴെ പരിഗണിക്കപ്പെടുന്നുവെന്നുമുള്ള തോന്നലാണ് മാഞ്ചിയുടെ പിടിവാശിക്കു പിന്നിലെന്നാണ് സൂചന. മാത്രമല്ല, അഞ്ച് സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാഞ്ചിയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളോട് ബി.ജെ.പി ചിഹ്നത്തില്‍ മത്സരിക്കാനും ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇതും മാഞ്ചിക്ക് സ്വീകാര്യമല്ല.

ശനിയാഴ്ച  അമിത് ഷാ തന്നെ നേരിട്ട് രണ്ടുതവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാത്ത മാഞ്ചിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതില്‍ ബിഹാര്‍ ബി.ജെ.പി ഘടകത്തിലും എതിര്‍പ്പുണ്ടെന്നിരിക്കെ, മാഞ്ചിയെ മെരുക്കാന്‍ വഴിതേടുകയാണ് ബി.ജെ.പി നേതൃത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.