പാക്പതാക ഉയര്‍ന്നു; കശ്മീരില്‍ രാജ്യാന്തര അര്‍ധമാരത്തണില്‍ അക്രമം

ശ്രീനഗര്‍: പാക്പതാക ഉയര്‍ന്നതിനെച്ചൊല്ലിയുള്ള തര്‍ക്കംമൂലം ജമ്മു-കശ്മീരില്‍ നടന്ന രാജ്യാന്തര അര്‍ദ്ധമാരത്തണ്‍ അക്രമാസക്തമായി. ശ്രീനഗറില്‍ നടന്ന മത്സരത്തിനിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, സംഭവം അരാഷ്ട്രീയമാണെന്നും പൂവാലന്മാരായ ചില സാമൂഹികദ്രോഹികളാണ് സംഭവത്തിനു പിന്നിലെന്നും ഭരണകക്ഷിയായ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) അറിയിച്ചു. ചില പൂവാലന്മാര്‍ വനിതാ  മത്സരാര്‍ഥികളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പി.ഡി.പിയുടെ യുവജനവിഭാഗം പ്രസിഡന്‍റും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ രാഷ്ട്രീയ നിരീക്ഷകനുമായ വഹീദ് പാര പറഞ്ഞു.
മുദ്രാവാക്യ വിളികളുമായി സൈന്യത്തിനുനേരെ കല്ളെറിഞ്ഞ ഒരുസംഘം യുവാക്കളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതായി പൊലീസ് പറഞ്ഞു. ഇതേയാളുകള്‍ക്കെതിരെതന്നെയാണ് സ്ത്രീകളെ ശല്യം ചെയ്തതായി പരാതിയുള്ളതെന്ന് പാര പറഞ്ഞു. രാഷ്ട്രീയക്കാരെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ളെന്നും താനും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമടക്കമുള്ളവര്‍ പരിപാടിയില്‍ സ്വയം രജിസ്റ്റര്‍ ചെയ്തതാണെന്നും അക്രമം തീര്‍ത്തും അരാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ ശല്യംചെയ്ത കേസിലാണ് 12 പേര്‍ പൊലീസ് പിടിയിലായത്.
ഹസ്രത്ബാല്‍ മേഖലയില്‍ സുരക്ഷാസേനക്കും ഒരുവിഭാഗം യുവാക്കള്‍ക്കുമിടയിലാണ് സംഘര്‍ഷമാരംഭിച്ചത്. അവാര്‍ഡ്ദാനച്ചടങ്ങിലും ഒരുവിഭാഗം വേദിക്കുനേരെ പ്ളാസ്റ്റിക് കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. കശ്മീര്‍ സര്‍വകലാശാല മുതല്‍ ഹസ്രത്ബാല്‍ വരെയുള്ള 21 കിലോമീറ്റര്‍ അര്‍ദ്ധമാരത്തണിന് ഞായറാഴ്ച രാവിലെയാണ് തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.