കല്‍ബുര്‍ഗി വധം: ചന്ദ്രശേഖര്‍ പാട്ടീല്‍ പമ്പ പുരസ്കാരം തിരിച്ചുനല്‍കും

ബംഗളൂരു: ഡോ. എം.എം. കല്‍ബുര്‍ഗിയെ വധിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ കന്നട എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖര്‍ പാട്ടീല്‍ (ചമ്പ) തനിക്ക് ലഭിച്ച പമ്പ പുരസ്കാരം തിരിച്ചേല്‍പിക്കും. 2009ലാണ് കര്‍ണാടക സര്‍ക്കാര്‍ ചന്ദ്രശേഖര്‍ പാട്ടീലിന് പമ്പ അവാര്‍ഡ് സമ്മാനിച്ചത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന പ്രധാന സാഹിത്യ പുരസ്കാരമാണിത്. മൂന്നു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് ഇത്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് തീരുമാനം. ഡോ. എം.എം. കല്‍ബുര്‍ഗിയുടെ അടുത്ത സുഹൃത്തായിരുന്നു  ചന്ദ്രശേഖര്‍ പാട്ടീല്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരില്‍ കണ്ട് അവാര്‍ഡ് തിരിച്ചേല്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കന്നട എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലിങ്കണ്ണ സത്യംപേട്ടിനെ മൂന്നു വര്‍ഷം മുമ്പ് കൊലപ്പെടുത്തിയതില്‍ അന്വേഷണം പുനരാരംഭിക്കണമെന്നും അന്ധവിശ്വാസവിരുദ്ധ ബില്ലിന് രൂപംനല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കവിയും വിമര്‍ശകനും നാടകകൃത്തുമായ ചന്ദ്രശേഖര്‍ പാട്ടീല്‍ കര്‍ണാടക യൂനിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ളീഷ് പ്രഫസറായാണ് വിരമിച്ചത്. ശേഷം കന്നട ഭാഷയുടെ വികാസത്തിനായുള്ള സര്‍ക്കാര്‍ സംരംഭത്തിന്‍െറ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദി സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ഉദയ്പ്രകാശ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.