മുസ് ലിം ലീഗ് ദേശീയ പ്രവര്‍ത്തക സമിതി സമാപിച്ചു

ചെന്നൈ: രണ്ടുദിവസമായി ചെന്നൈയില്‍ നടന്ന മുസ് ലിം ലീഗ് ദേശീയ പ്രവര്‍ത്തക സമിതി സമാപിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജന്മദിനം മതസൗഹാര്‍ദ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി ദേശീയ വക്താവായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ നിയമിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദേശീയ സമിതി പ്രമേയം അംഗീകരിച്ചു.
ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരെയും ഹിന്ദുക്കളായി കാണുന്ന ആര്‍.എസ്.എസിന്‍െറ സമീപനത്തില്‍ പ്രതിഷേധിച്ചു. ഭരണഘടനയനുസരിച്ച് ബുദ്ധ, ജൈന, സിഖ്, പാര്‍സി, ക്രൈസ്തവ, മുസ്ലിം വിശ്വാസികള്‍ ന്യൂനപക്ഷങ്ങളാണ്. എന്നാല്‍, ഇവരും ഹൈന്ദവരാണെന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടത്തുകയാണ്. രാജ്യത്തെ നാനാജാതി മതങ്ങളോട് സംഘ്പരിവാര്‍ വെറുപ്പോടെയാണ് പെരുമാറുന്നത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെ ഒരു കോടി ഒപ്പുകള്‍ ശേഖരിച്ച് സര്‍ക്കാറിന് നല്‍കും. ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കും നേരെ ചില ഹിന്ദുത്വ സംഘടനകള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണം അഴിച്ചുവിടുകയാണ്.
രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഉത്തരവാദിത്ത രഹിതമായ പ്രസ്താവനകളാണ് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും നടത്തുന്നതെന്ന് സമിതി അംഗീകരിച്ച പ്രമേയം പറയുന്നു. ഘര്‍ വാപസി, യോഗ, സൂര്യനമസ്കാരം, വന്ദേമാതരം എന്നിവക്കുവേണ്ടി വ്യാപക പ്രചാരണം അഴിച്ചുവിടുകയാണ്. ചരിത്രവും വിദ്യാഭ്യാസ സമ്പ്രദായവും ആര്‍.എസ്.എസ് അജണ്ടകള്‍ക്കായി വളച്ചൊടിക്കുന്നു. യു.ജി.സി, എന്‍.സി.ഇ.ആര്‍.ടി തുടങ്ങിയ സ്ഥാപനങ്ങളെ വര്‍ഗീയവത്കരിക്കാന്‍ ശ്രമംനടക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെ അക്രമം വര്‍ധിച്ചു.
കഴിഞ്ഞയാഴ്ച നടന്ന ആര്‍.എസ്.എസ്-ബി.ജെ.പി ഏകോപനസമിതി യോഗത്തിനിടെ കേന്ദ്ര മന്ത്രിമാര്‍ വകുപ്പുകളെ സംബന്ധിച്ച് ആര്‍.എസ്.എസ് നേതാക്കളുടെ മുന്നില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ഭരണഘടനാലംഘനമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
സമാപന ദിവസമായ തിങ്കളാഴ്ച മൂന്ന് സെഷനുകളില്‍ ചര്‍ച്ച നടന്നു. അഖിലേന്ത്യ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി, ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.