സ്വയം വിരമിച്ചവര്‍ക്കും ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നല്‍കും -മോദി

ന്യൂഡല്‍ഹി:  ഒരുറാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം സ്വയം വിരമിച്ച സൈനികര്‍ക്കും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി -ഫരീദാബാദ് മെട്രൊ റെയില്‍ ഉദ്ഘാടന ചടങ്ങിലാണ് മോദിയുടെ പ്രഖ്യാപനം.

പദ്ധതി ആരുടെയും സൗജന്യമല്ല. സൈനികരുടെ അവകാശമാണ്. വിരമിച്ച സൈനികരുടെ  42 വര്‍ഷമായുള്ള ആവശ്യമാണ്  സര്‍ക്കാര്‍ നടപ്പാക്കിയത്. സര്‍ക്കാര്‍ വാക്കുപാലിച്ചിരിക്കുന്നു.  മുന്‍ സര്‍ക്കാര്‍ 500 കോടി മാത്രമാണ് പദ്ധതിക്കായി നീക്കിവെച്ചത്. തെറ്റായ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് വിമുക്ത ഭടന്മാരുടെ കണ്ണില്‍ പൊടിയിടുകയാണ്. ശമ്പളപരിഷ്കണത്തിനു വേണ്ടിയല്ല ഏകാംഗ കമിഷനെ നിയമിച്ചത്. പദ്ധതിയിലെ കുറവുകള്‍ കണ്ടത്തൊനാണ് കമിഷനെന്നും മോദി പറഞ്ഞു.

അതേസമയം, ജന്തര്‍ മന്തറിലെ സമരം തുടരുമെന്ന് വിമുക്ത ഭടന്‍മാര്‍ അറിയിച്ചു. പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് വാക്കാലുള്ള ഉറപ്പ് പോരെന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ സമരം മുന്നോട്ടു കൊണ്ടുപോകുമെന്നും സമരസമിതി അറിയിച്ചു. തുടര്‍പരിപാടികള്‍ ശനിയാഴ്ച നടക്കുന്ന റാലിയില്‍  തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്.

സമരസമിതി മുന്നോട്ടു വെച്ച ആറു ആവശ്യങ്ങളില്‍ ഒന്നു മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പുതുക്കുക, പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധസമിതിയില്‍ വിമുക്തഭടന്‍മാരെയും ഉള്‍പ്പെടുത്തുക എന്നിവയായിരുന്നു വിമുക്ത ഭടന്മാരുടെ  പ്രധാന ആവശ്യങ്ങള്‍. സേനയില്‍നിന്ന് 40 ശതമാനത്തിലധികം പേര്‍ സ്വയം     വിരമിക്കുന്നുണ്ടെന്നും അതിനാല്‍ പകുതിയോളം പേര്‍ക്ക് പദ്ധതി ഗുണം ചെയ്യില്ളെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം സമര സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍   സ്വയം വിരമിച്ച സൈനികരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പ്രതിരോധ മന്ത്രിവാഗ്ദാനം നല്‍കിയിരുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പുതുക്കണമെന്ന സമരക്കാരുടെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.  അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പുതുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2013 അടിസ്ഥാനവര്‍ഷമായി കണക്കാക്കി പെന്‍ഷന്‍ നിശ്ചയിക്കും. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി  നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഏകാംഗ കമീഷന്‍ നിയമനത്തിലും സമരക്കാര്‍ അതൃപ്തരാണ്. പെന്‍ഷന്‍ നിര്‍ണയത്തിലെ സങ്കീര്‍ണത പരിഹരിക്കാന്‍ ഏകാംഗ ജഡ്ജി കമീഷനെ നിയോഗിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ആറുമാസത്തിനകം കമീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.  മൂന്നു സൈനികരടക്കം അഞ്ചംഗ സമിതി വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ നിരാഹാര സമരം പിന്‍വലിക്കാമെന്ന് സമരസമിതി അധ്യക്ഷന്‍ മേജര്‍ ജനറല്‍ സത്ബീര്‍ സിങ്ങ് സത്പാല്‍ പറഞ്ഞു. തുടര്‍നടപടികള്‍ ആലോചിക്കാന്‍ വിമുക്തഭടന്‍മാരുടെ ചര്‍ച്ച ഇന്ന് നടക്കും.

ഒരു റാങ്ക് ഒരു പെന്‍ഷല്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ 84 ദിവസമായി റിലേ നിരാഹാരത്തിലാണ് മുന്‍സൈനികര്‍. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചത് ഏതുവര്‍ഷമാണെന്ന് നോക്കാതെ വിരമിച്ച റാങ്കും സര്‍വീസ് ദൈര്‍ഘ്യവും പരിഗണിച്ചാണ് പെന്‍ഷന്‍ നിര്‍ണയിക്കുന്നത്. ഇതോടെ നേരത്തേ വിരമിച്ചവര്‍ക്കും ഈയിടെ വിരമിച്ചവര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിലവിലുള്ള ഭീമമായ അന്തരം ഇല്ലാതാകും. 30 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിക്ക് 8,000-10,000 കോടി രൂപയാണ് പ്രതിവര്‍ഷം അധിക ചെലവ്. വര്‍ധനപ്രകാരമുള്ള കുടിശ്ശിക നാലു അര്‍ധവാര്‍ഷിക തവണകളായി നല്‍കും. മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുടിശ്ശിക ഒറ്റത്തവണയായി നല്‍കും. കുടിശ്ശിക നല്‍കാന്‍ 12000 കോടി രൂപയാണ് ചെലവ്. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ അവസാന കാലത്ത് പ്രഖ്യാപിച്ച പദ്ധതി എന്‍.ഡി.എ സര്‍ക്കാര്‍ വന്നശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപ്പിലാകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.