ജിസാറ്റ് 6 ഭൂസ്ഥിര ഭ്രമണപഥത്തില്‍

ബംഗളൂരു: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 ഭൂസ്ഥിര ഭ്രമണപഥത്തില്‍. ഉപഗ്രഹത്തിലെ അപ്പോജി മോട്ടോര്‍ ഞായറാഴ്ച രാവിലെ ഏതാനും മിനുറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് സ്ഥിരം ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥമായ 83 ഡിഗ്രി കിഴക്ക് എത്തിക്കുകയും ഇന്‍സാറ്റ് നാല് എ, ജിസാറ്റ് 12, ജിസാറ്റ് 10, ഐ,ആര്‍.എന്‍.എസ്.എസ് ഒന്ന് സി എന്നീ ഉപഗ്രങ്ങള്‍ക്ക് സമീപം ക്രമപ്പെടുത്തുകയും ചെയ്തതായി ഐ.എസ്.ആര്‍.ഒ അധികൃതര്‍ വ്യക്തമാക്കി.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന്‍െറ ഭാഗമായി നേരത്തെ നാലു തവണ ജിസാറ്റ് ആറിനെ താല്‍ക്കാലിക ഭ്രമണപഥത്തില്‍നിന്ന് ഉയര്‍ത്തിയിരുന്നു. കര്‍ണാടക ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഉപഗ്രഹത്തിന്‍െറ ഭ്രമണപഥം ഉയര്‍ത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് കഴിഞ്ഞ 27നായിരുന്നു ഉപഗ്രഹത്തിന്‍െറ വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഘടിപ്പിച്ച ജി.എസ്.എല്‍.വി -ഡി ആറ് റോക്കറ്റിന്‍െറ സഹായത്തോടെയായിരുന്നു വിക്ഷേപണം. ജിസാറ്റ് പരമ്പരയിലെ 12ാമത്തെ വിക്ഷേപണവും ഐ.എസ്.ആര്‍.ഒയുടെ 25ാമത്തെ ഭൂസ്ഥിര ഉപഗ്രഹവുമാണിത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.