ന്യൂഡല്‍ഹി: ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ നടത്തിവരുന്ന സമരം ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഒത്തുതീര്‍ക്കാന്‍ തിരക്കിട്ട ശ്രമം. ബിഹാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നത്.
പെന്‍ഷന്‍ പരിഷ്കരണം ഒഴികെ വിഷയങ്ങളില്‍ സമരക്കാരുമായി സര്‍ക്കാര്‍ ധാരണയിലത്തെിയതായാണ് വിവരം. പരിഷ്കരണം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ എന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എല്ലാ വര്‍ഷവും പരിഷ്കരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരണം എന്നത് അംഗീകരിക്കാന്‍ സമരക്കാര്‍ തയാറാണെങ്കിലും അഞ്ചു വര്‍ഷമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ധനമന്ത്രാലയം. വലിയ സാമ്പത്തികബാധ്യതയുണ്ടാകുമെന്നാണ് ധനമന്ത്രാലയം നല്‍കുന്ന വിശദീകരണം. സമരം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ആര്‍.എസ്.എസ് നിര്‍ദേശിക്കുകകൂടി ചെയ്ത പശ്ചാത്തലത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ ഇടനിലക്കാര്‍ വഴി നിരന്തര ചര്‍ച്ചയിലാണ്. പരിഷ്കരണം മൂന്നു വര്‍ഷത്തിലൊരിക്കല്‍ എന്ന ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് മുന്‍ സൈനികമേധാവികളും മറ്റും ഇടപെട്ട് നടക്കുന്ന ചര്‍ച്ചകളിലൂടെ നടക്കുന്നത്.
അതേസമയം, സമരക്കാര്‍ക്കിടയില്‍ ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ച് മൂന്നു വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരണം സമ്മതിച്ച് സമരം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗം ജനറല്‍ ബോഡി വിളിച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന നിലപാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.