കല്‍ബുര്‍ഗിയുടെ കൊലപാതകം: സ്വത്തുതര്‍ക്കവും കാരണമാകാമെന്ന് പൊലീസ്

ബംഗളുരു: കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്‍െറ പ്രേരണ സ്വത്തുതര്‍ക്കമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. തങ്ങള്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അദ്ദേഹത്തിന്‍െറ സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും ധാര്‍വാഡ്ഹുബ്ളി പൊലീസ് കമ്മീഷണര്‍ പി.എച്ച് റാണെ മാധ്യമങ്ങളോട് പറഞ്ഞു.
പുരോഗമന ആശയങ്ങളില്‍ പ്രകോപിതരായ വലതുപക്ഷ തീവ്രവാദികളാണ് കൊലക്കുപിന്നില്‍ എന്ന വാദം ശക്തമായിരിക്കെ പൊലീസ് നിരത്തുന്ന പുതിയ വാദത്തെക്കുറിച്ച് സംശയങ്ങളുയര്‍ന്നിരിക്കുകയാണ്. ഇതിന്‍െറ വിശദാംശങ്ങളെക്കുറിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നു.

 പ്രഫസര്‍ കല്‍ബുര്‍ഗിക്ക് സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാന്‍ രണ്ടു രീതിയിലുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെടുന്നു. ബിജാപൂര്‍ ജില്ലയില്‍ കല്‍ബുര്‍ഗിക്കും സഹോദരര്‍ക്കും കൂടി 70 ഏക്കര്‍ പൈതൃകസ്വത്തുണ്ട്.  ഇപ്പോള്‍ സഹോദരന്‍മാരുടെ കൈവശമുള്ള ഈ സ്വത്തിലുള്ള ഓഹരിയില്‍ കല്‍ബുര്‍ഗിക്കോ മക്കള്‍ക്കോ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചിട്ടും അതില്‍ നിന്ന് ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞിരുന്നുവെന്നും കല്‍ബുര്‍ഗിയുടെ മകന്‍ ശ്രീവിജയ മാധ്യമങ്ങളോട് പറഞ്ഞു.

കല്‍ബുര്‍ഗിയുടെ മകളായ പൂര്‍ണിമക്ക് മരിച്ചുപോയ ഭര്‍ത്താവിന്‍െറ സ്വത്തിലുള്ള അവകാശത്തെക്കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കമാണ് രണ്ടാമതായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. എന്‍ജിനീയറായ പൂര്‍ണിമയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. എന്നാല്‍ പൂര്‍ണിമയും ഭര്‍ത്താവിന്‍െറ വീട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ കല്‍ബുര്‍ഗിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല.

കൊലപാതകത്തിന് കാരണം സ്വത്തുതര്‍ക്കമാണോയെന്ന പൊലീസിന്‍െറ സംശയത്തില്‍ യാതൊരു കഴമ്പുമില്ല എന്നാണ് സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്. ഒരിക്കല്‍ അവാര്‍ഡായി ലഭിച്ച വലിയ തുക ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് കല്‍ബുര്‍ഗിയുടെ സുഹൃത്തും വിജയകര്‍ണാടക പത്രത്തിന്‍െറ എഡിറ്ററുമായ സുഗത ശ്രീനിവാസ രാജു ഓര്‍ക്കുന്നു.

അതേസമയം, എല്ലാ സാധ്യതകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്ന പൊലീസിന്‍െറ നീക്കത്തെ കല്‍ബുര്‍ഗിയുടെ മക്കള്‍ സ്വാഗതം ചെയ്യുന്നുണ്ട്. എങ്കിലും സ്വത്തുതര്‍ക്കത്തിന്‍െറ മറവില്‍ കൊലപാതകത്തെ ഒതുക്കാനുള്ള പൊലീസിന്‍െറ ശ്രമമാണോ ഈ വാദത്തിന് പുറകില്‍ എന്ന സംശയവും വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.