കര്‍ഷകരുടെ യോഗത്തിനിടെ ഗെയിം കളിക്കുന്ന ഉദ്യോഗസ്ഥ കാമറയില്‍

ചെന്നൈ: ഒൗദ്യോഗിക യോഗത്തിനിടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ഓഫിസറുടെ വീഡിയോ വൈറലാകുന്നു. തമിഴ്നാട് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫിസര്‍ എസ്. കവിതയാണ് ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ കാന്‍ഡി ക്രഷ് സാഗ എന്ന ഗെയിം കളിച്ചു കൊണ്ടിരുന്നത്. ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്ന യോഗത്തില്‍ തന്‍െറ പ്രകടനം റെക്കോഡ് ചെയ്യപ്പെട്ടിരുന്നത് കവിത അറിഞ്ഞിരുന്നില്ല.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്.വിവേകാനന്ദത്തിന്‍െറ തൊട്ടടുത്തുതന്നെ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കുന്ന കവിത യോഗനടപടികളൊന്നും ശ്രദ്ധിക്കുന്നില്ല. ഓരോ കര്‍ഷകരും എഴുന്നേറ്റുനിന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ പറയുമ്പോഴും കവിത ഗെയിമില്‍ മുഴുകിയിരിക്കുന്നതായി വീഡിയോയില്‍ കാണാം. സദസിലുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ മൊബൈല്‍ ഫോണ്‍ തന്ത്രപൂര്‍വം ഡെസ്കിനടിയിലാണ്  പിടിച്ചിരിക്കുന്നത്. തൊട്ടടുത്തിരുന്ന ഗെയിം കളിക്കുന്ന കവിതയുടെ പ്രവൃത്തി കലക്ടറും കാര്യമായെടുക്കുന്നില്ല.



കടുത്ത വരള്‍ച്ച നേരിടുന്ന ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് വെള്ളിയാഴ്ച കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. പ്രശ്നത്തിന് പരിഹാരം തേടി വന്ന കര്‍ഷകരെ അപമാനിക്കുകയായിരുന്നു കവിത എന്നാണ് കര്‍ഷക നേതാക്കളുടെ അഭിപ്രായം.

വീഡിയോ വൈറലാവുകയും ഓഫിസറുടെ നടപടിക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തതോടെ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഓഫിസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് തമിഴ്നാട്ടില്‍ 68 കര്‍ഷകരാണ് ഈ വര്‍ഷം ആത്മഹത്യ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 827 കര്‍ഷകതൊഴിലാളികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.