ടെസ്റ്റ് ഡ്രൈവിനെത്തിയ യുവാവ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി മുങ്ങി

ഹൈദരാബാദ്: ഷോറൂമില്‍ ടെസ്റ്റ്  ഡ്രൈവിനെത്തിയ യുവാവ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി കടന്നുകളഞ്ഞു. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ഷോറൂമില്‍ നിന്നാണ് ആറ് ലക്ഷം രൂപ വില വരുന്ന  ഹാര്‍ലി ഡേവിഡ്സണ്‍ മോഡല്‍ അടിച്ചുമാറ്റിയത്. ഷോറൂം ജോലിക്കാരന്‍ യുവാവിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് എത്തിയത്. ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്നും ടെസ്റ്റ്  ഡ്രൈവിന് വണ്ടി നല്‍കണമെന്നുമായിരുന്നു യുവാവിന്‍െറ ആവശ്യം. സയ്യിദ് താഹിറെന്ന പേരില്‍ പരിചയപ്പെടുത്തുകയും ചെയ്തു. 'സ്ട്രീറ്റ് 750' എന്ന മോഡലാണ് ടെസ്റ്റ് ഡ്രൈവിന് എടുത്തത്.

യുവാവിന്‍െറ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ ബൈക്ക് റൈഡിന് നല്‍കുകയായിരുന്നു എന്ന് ഷോറൂം അധികൃതര്‍ അറിയിച്ചു. വളരെ മര്യാദയോടെയാണ് യുവാവ് പെരുമാറിയതെന്നും അവര്‍ അറിയിച്ചു. ഷോറൂമില്‍ നിന്ന് അടുത്തുള്ള ജൂബിലി ഹില്‍സ് ചെക് പോസ്റ്റ് വരെ മാത്രമെ ഡ്രൈവ് ചെയ്യൂ എന്നും യുവാവ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബൈക്കെടുത്ത യുവാവ് നേരെ ഓടിച്ച് പോവുകയായിരുന്നു.

ഷോറൂമിലെ ഒരു ജോലിക്കാരന്‍ പിന്തുടര്‍ന്നെങ്കിലും ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി യുവാവിനെ കാണാതെ പോവുകയായിരുന്നു. ബൈക്കുമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഒരു മണിക്കൂര്‍ ഷോറൂം അധികൃതര്‍ കാത്തുനിന്നു. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോള്‍ അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഷോപ്പില്‍ നിന്ന് ബൈക്ക് എടുത്ത് പോകുന്നതിന്‍െറ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട ബൈക്കിന് ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ചിട്ടില്ല എന്ന് ഷോറും ജീവനക്കാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.