മുസ്ലിം അസ്ഥിത്വവും അന്തസ്സും സംരക്ഷിക്കപ്പെടണം -ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിന്‍െറ അസ്ഥിത്വവും അന്തസ്സും സംരക്ഷിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മജ്ലിസെ മുശാവറ രൂപവത്കരിക്കേണ്ടിവന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ ഉറച്ചുനിന്നവരാണ് മുസ്ലിംകള്‍. എന്നാല്‍, വിഭജനത്തിലേക്ക് നയിച്ച രാഷ്ട്രീയ സംഭവങ്ങളുടെ ദുരിതമത്രയും സമുദായത്തിന്‍െറ ചുമലില്‍ കൊണ്ടിടുകയാണുണ്ടായത്. ഒരളവുവരെ അതില്‍നിന്ന് കരകയറിയിട്ടുണ്ടെങ്കിലും മുന്നേറാന്‍ ഇനിയുമേറെയുണ്ട്.

പട്ടികവിഭാഗങ്ങളേക്കാള്‍ പിന്നാക്കാവസ്ഥയിലാണ് ഇന്ത്യയിലെ മുസ്ലിംകളെന്നതിന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തെളിവാണ്. റിപ്പോര്‍ട്ടിനെ  തുടര്‍ന്ന് ചില നടപടികള്‍ തുടങ്ങിവെച്ചു. അത് തുടങ്ങിയേടത്തുതന്നെയാണെന്നും നടപ്പാകുന്നതില്‍ ഗുരുതരമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പിന്നീട് വന്ന കുണ്ഡു കമ്മിറ്റി കണ്ടത്തെി. സച്ചാര്‍, കുണ്ഡു കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍നിന്ന് ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നാലായി തിരിക്കാം. അസ്ഥിത്വവും സുരക്ഷയുമാണ് ആദ്യത്തേത്.

രണ്ടാമത്തേത് വിദ്യാഭ്യാസവും ശാക്തീകരണവുമാണ്. സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ അര്‍ഹമായത് കിട്ടാതിരിക്കുന്നതും തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ പ്രാതിനിധ്യമില്ലാത്തതുമാണ് മൂന്നാമത്തെയും നാലാമത്തെയും പ്രശ്നങ്ങള്‍. നാലും പൗരന്‍െറ അവകാശമാണ്. അതില്‍ മുസ്ലിംകള്‍ക്കുണ്ടായ കുറവ് പരിശോധിക്കപ്പെടണം. സമുദായം നേരിടുന്ന ദാരിദ്ര്യം, വിവേചനം,  അരക്ഷിതാവസ്ഥ എന്നിവ പരിഹരിക്കാന്‍ ഭരണകൂടം സ്വമേധയാ നടപടിയെടുക്കേണ്ടതാണ്.  നയപരമായ കാര്യങ്ങളിലും അത് നടപ്പാക്കുന്നതിലും തിരുത്തലുകള്‍ വേണം. അതിനുള്ള സംവിധാനങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളുടെയും സജീവ പങ്കാളിത്തവും ഉണ്ടാകണം.  ‘സബ് കാ സാത്ത്...സബ് കാ വികാസ്’  എന്നത് സര്‍ക്കാര്‍ ലക്ഷ്യമാകുന്നത് ശ്ളാഘനീയമാണ്. അത് നടപ്പാകണമെങ്കില്‍ എല്ലാ വിഭാഗങ്ങളിലേക്കും കടന്നുചെല്ലുന്ന വേഗത്തിലുള്ള നടപടികള്‍ വേണം.

സര്‍ക്കാറിന്‍െറ ചുമതലകളിലെ വീഴ്ചകള്‍തന്നെയാണ് പ്രധാനം. സമുദായത്തിന്‍െറ പ്രശ്നങ്ങളില്‍ അകത്തുനിന്നുള്ള നീക്കങ്ങളും ഉണ്ടാകണം. സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പിക്കണം. അപകര്‍ഷബോധമില്ലാതെ ഇതര സമുദായങ്ങളുമായി സംവദിക്കാന്‍ കഴിയേണ്ടതുണ്ട്. ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടം തുടരണം. ഇതരവിഭാഗങ്ങളില്‍നിന്ന് മാറിനില്‍ക്കാനും പാടില്ല. വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെട്ടുപോകാനും സമുദായത്തിന് കഴിയണമെന്ന് ഉപരാഷ്ട്രപതി തുടര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.