എഴുത്തുകാർക്ക് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എഴുത്തുകാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞൻ പി.എം ഭാർഗവയാണ് പദ്മഭൂഷൺ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

സെന്‍റർ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യുലര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമാണ് ഭാര്‍ഗവ.  എഴുത്തുകാരുടേയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പി.എം ഭാര്‍ഗവയുടെ തീരുമാനം.

മതത്തിന്‍റെ പേരിൽ രാജ്യത്തെ രണ്ടായി ഭാഗിക്കാൻ വർഗീയവാദികൾക്ക് അവസരം നൽകുന്ന മോദി സർക്കാറിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് തിരിച്ചേൽപ്പിക്കുന്നതെന്നും ഭാർഗവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒരു കലാകാരന് കലയിലൂടെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാം. എന്നാൽ ശാസ്ത്രജ്ഞനായ തനിക്ക് അങ്ങിനെ കഴിയില്ലെന്നും അതിനാലാണ് പുരസ്കാരം തിരിച്ചേൽപ്പിച്ച് എഴുത്തുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവശാസ്ത്രജ്ഞരും രാജ്യത്തെ സംഭവവികാസങ്ങളില്‍ പ്രതിഷേധമറിയിക്കുമെന്ന് കരുതുന്നതായും ഭാര്‍ഗവ പ്രത്യാശ പ്രകടിപ്പിച്ചു.

മൂന്ന് യുക്തിവാദി എഴുത്തുകാരെ വർഗീയവാദികൾ കൊലപ്പെടുത്തിയ വാർത്ത തന്നെ നിരാശനാക്കി. ദിവസവും തീവ്രവാദികളുടെ അസഹിഷ്ണുതയോടെയുള്ള പ്രസ്താവനകളാണ് പുറത്ത്് വരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ഇത്തരം സംഘടനകൾക്ക് കൂടുതൽ െെധര്യം ലഭിച്ചത്. മോദി ആർ.എസ്.എസ് നേതാവാണ്. ആർ.എസ്.എസിന്‍റെ രാഷ്ട്രീയ മുന്നണിയാണ് ബി.ജെ.പി. ഇത് തന്നെ അസ്വസ്ഥപ്പെടുത്തുന്നു :ഭാർഗവ പറഞ്ഞു.










 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.