ന്യൂഡല്‍ഹി: വിരമിച്ചശേഷം ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ ജഡ്ജിമാരുടെ വിധിന്യായങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ. ഇതു തടയാന്‍ വിരമിക്കുന്ന ജഡ്ജിമാരുടെ നിയമനത്തിന് പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഈ സംവിധാനമനുസരിച്ച് സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാര്‍ക്ക് വിരമിക്കുന്നതിന്‍െറ മൂന്നു മാസം മുമ്പ് രണ്ടിലൊരു തീരുമാനമെടുക്കാന്‍ അവസരം നല്‍കണം.
ഒന്നുകില്‍ വിരമിച്ചതിനുശേഷം പത്ത് വര്‍ഷംകൂടി മുഴുവന്‍ ശമ്പളം സ്വീകരിക്കുക. അല്ളെങ്കില്‍, നിയമമനുസരിച്ചുള്ള പെന്‍ഷന്‍ വാങ്ങുക. ആദ്യത്തെ നിര്‍ദേശം സ്വീകരിക്കുന്നവരെ മാത്രമേ വിരമിച്ച ജഡ്ജിമാരെ പരിഗണിക്കുന്ന സ്ഥാനങ്ങളിലേക്കുള്ള പാനലില്‍ ഉള്‍പ്പെടുത്താവൂ. ഇവര്‍ ഈ കാലയളവില്‍ സ്വകാര്യ ജോലികള്‍ ഒന്നും ഏറ്റെടുക്കാനും പാടില്ല. പെന്‍ഷന്‍ വാങ്ങിക്കഴിയാന്‍ തീരുമാനിച്ചവരെ ഇത്തരം തസ്തികകളിലേക്ക് നിയമിക്കാനും പാടില്ല. ഈ നിര്‍ദേശം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രണ്ട് അവസരങ്ങളിലായി പങ്കുവെച്ചിരുന്നെങ്കിലും പരിഗണിച്ചില്ളെന്ന് അദ്ദേഹം പറഞ്ഞു.
ഈ സംവിധാനമൊരുക്കുന്നതോടെ വിരമിക്കുന്ന ജഡ്ജിമാര്‍ മികച്ച സ്ഥാനങ്ങള്‍ തേടി രാഷ്ട്രീയക്കാരുടെ പിറകെപ്പോകുന്നത് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഇതിലൂടെ രാജ്യത്തിന് സാമ്പത്തിക ലാഭവും സ്വതന്ത്രവും സത്യസന്ധവുമായ ജുഡീഷ്യല്‍ സംവിധാനവുമുണ്ടാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 2014ല്‍ വിരമിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത് മോദിയുമായി പങ്കുവെച്ചതെങ്കില്‍ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുക്കുന്ന സന്ദര്‍ഭത്തിലാണ് മന്‍മോഹനുമായി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അമ്പതോളം ട്രൈബ്യൂണലുകളിലും നിരവധി അര്‍ധജുഡീഷ്യല്‍ സ്ഥാപനങ്ങളിലും വിരമിച്ച ജഡ്ജിമാരെയാണ് തലപ്പത്ത് നിയമിക്കാറുള്ളത്. ഈ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെല്ലാം നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇത് ലഭിക്കാനായി ജഡ്ജിമാര്‍ പലതരത്തിലുള്ള സ്വാധീനവും ഉപയോഗിക്കാറുണ്ട്.
ഇത് തടയാന്‍ കഴിയുന്ന സംവിധാനത്തിനാണ് ലോധ നിര്‍ദേശിച്ചതെങ്കിലും ഇതിന് നിയമ നിര്‍മാണമടക്കം ആവശ്യമായിവരും. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമവൃത്തങ്ങളിലും പുറത്തും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.