മോദിയുടെ പ്രസ്താവനക്കെതിരെ വിശാലസഖ്യം


ന്യൂഡല്‍ഹി: അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാറിലെ നോണ്‍ ഗസറ്റഡ് ജോലികളില്‍ അഭിമുഖം ആവശ്യമില്ളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സംവരണനയം നിര്‍ത്തലാക്കാനാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ബിഹാറിലെ വിശാലസഖ്യം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മോദി ചട്ടവിരുദ്ധമായാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്‍െറ സംവരണരീതി മാറ്റണമെന്ന നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് മോദിയുടെ പ്രസ്താവനയെന്നുമാണ് ആരോപണം.
കേന്ദ്രസര്‍ക്കാറിലെ നോണ്‍ ഗസറ്റഡ് തസ്തികകളിലെ ഗ്രൂപ് ബി, സി, ഡി വിഭാഗങ്ങളില്‍ അഭിമുഖം ഒഴിവാക്കുന്നത് സംവരണം നിര്‍ത്തലാക്കാനാണെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ നിയമനം നടത്താനുമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു.
പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍കിബാത്തി’ലായിരുന്നു വിവാദപരമായ പരാമര്‍ശം. തെരഞ്ഞെടുപ്പ് കമീഷന്‍ ബി.ജെ.പിയോടും പ്രധാനമന്ത്രിയോടും മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ത്യാഗി ആരോപിച്ചു. ബിഹാറില്‍ മോദി നടത്തുന്ന തെരഞ്ഞെടുപ്പ് റാലികളുടെ റേഡിയോ പ്രക്ഷേപണം ‘മന്‍കിബാത്തി’ല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിശാലസഖ്യം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.