ബി.ജെ.പി സംവരണത്തിനെതിരല്ലെന്ന് മോദി

പട്ന: ബിഹാറിന്‍െറ വികസനമുരടിപ്പിന് കാരണക്കാര്‍ നിതീഷ്കുമാറും ലാലുപ്രസാദ് യാദവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ബിഹാറിലെ ഛപ്രയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംവരണത്തിനെതിരാണെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം നിഷേധിച്ചു. ഭരണഘടനാശില്‍പി ബി.ആര്‍. അംബേദ്കര്‍ പിന്നാക്ക ജാതിക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഒരാളെയും അനുവദിക്കില്ല.

സംസ്ഥാനത്തെ ദുര്‍ബലവിഭാഗങ്ങളുടെയും യുവാക്കളുടെയും ഉന്നമനത്തിനായി ആറിനപരിപാടികളും മോദി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ഓരോ കുടുംബത്തിനും വൈദ്യുതിയും റോഡും വെള്ളവും വിദ്യാഭ്യാസവും മരുന്നും ഉറപ്പുനല്‍കും. ബഡേ ഭായിയും (ലാലു) ഛോട്ടാ ഭായിയും (നിതീഷ്കുമാര്‍) ആണ് പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്. എന്‍.ഡി.എയുടെ ഏകലക്ഷ്യം വികസനമാണ്. ബിഹാറികളും പുറത്തുനിന്നുള്ളവരും തമ്മിലെ പോരാട്ടമെന്ന ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തിന്‍െറ ആരോപണത്തിന് യുവാക്കളുടെ തൊഴിലില്ലായ്മയും കുടിയേറ്റവും വിഷയമാക്കി മോദി പ്രത്യാക്രമണം നടത്തി. ആരാണ് ബിഹാറിലെ യുവാക്കളെ പുറത്ത് ജോലി ചെയ്യുന്നവരാക്കിയതെന്ന് ജനം തിരിച്ചറിയണം.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബിഹാറിലെ രണ്ടു തലമുറ യുവാക്കളെ അവര്‍ നശിപ്പിച്ചു. ഒരു മന്ത്രവാദിയുടെ താളത്തിന് തുള്ളുന്ന ജനതക്കൊപ്പമല്ല ജനാധിപത്യം പ്രവര്‍ത്തിക്കുക. 18ാം നൂറ്റാണ്ടിലെ മനോഭാവവുമായി നടക്കുന്ന ആളുകള്‍ക്ക് എങ്ങനെയാണ് ബിഹാറിനെ വികസനത്തിലേക്ക് നയിക്കാനാകുകയെന്നും മോദി ചോദിച്ചു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് മന്ത്രവാദിയാണെന്നും മോദി പരിഹസിച്ചു.
നിതീഷ്് ഒരു മന്ത്രവാദിയുമായി കൂടിക്കാഴ്ച നടത്തുന്ന വിഡിയോ കഴിഞ്ഞദിവസം വിവാദമായിരുന്നു. നിതീഷിന് വിജയംനേരുന്ന മന്ത്രവാദി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതും എന്തിനാണ് ലാലുവുമായി സഖ്യമുണ്ടാക്കിയതെന്ന് ആരായുന്നതും വിഡിയോയില്‍ ഉണ്ട്.
ഇതോടെ ബഡാഭായിക്കും ഛോട്ടാഭായിക്കും സോണിയക്കും പുറമേ മന്ത്രവാദി എന്ന നാലാമത് കളിക്കാരന്‍ കൂടിയുള്ളതായി മനസ്സിലാക്കാനായെന്നും മോദി പരിഹസിച്ചു. ലാലുവാണ് ലോകത്തിലെ ഏറ്റവുംവലിയ മന്ത്രവാദിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.


മോദിയുടേത് തന്ത്രപരമായ മൗനം ^നിതീഷ്
പട്ന: തന്ത്രപരമായ മൗനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആയുധമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. നേരത്തേയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് മോദിയുടെ മൗനത്തെ പരാമര്‍ശിച്ച് നിതീഷ് ട്വിറ്ററില്‍ കുറിച്ചു.
പ്രസംഗത്തില്‍ അടിസ്ഥാനരഹിതമായ കണക്കുകള്‍ ഉദ്ധരിക്കുന്നതില്‍ സമാനതകളില്ലാത്തയാളാണ് മോദി. കള്ളപ്പണം തിരിച്ചുകൊണ്ടുവരല്‍, യുവാക്കള്‍ക്ക് തൊഴില്‍നല്‍കല്‍, ബിഹാറിന് പ്രത്യേകപദവി തുടങ്ങി മുന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സംബന്ധിച്ച് മോദി ഇപ്പോള്‍ പുലര്‍ത്തുന്ന മൗനത്തെയാണ് നിതീഷ് ചോദ്യം ചെയ്തത്.

മാറ്റിനിര്‍ത്തിയത് ബി.ജെ.പി നേതാക്കള്‍ ^ശത്രുഘ്നന്‍ സിന്‍ഹ
പട്ന: ബിഹാറില്‍ ബി.ജെ.പി നേതാക്കളുമായുള്ള അസ്വാരസ്യങ്ങള്‍ പരസ്യമാക്കി ശത്രുഘ്നന്‍ സിന്‍ഹ എം.പിയുടെ ട്വീറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് താന്‍ സജീവമല്ലാത്തതിന്‍െറ കാരണം ചില പ്രാദേശിക ബി.ജെ.പി നേതാക്കളാണെന്ന്  അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നും മനപ്പൂര്‍വമല്ല. പ്രചാരണരംഗത്തുനിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ ചില പ്രാദേശികനേതാക്കള്‍ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് നന്നായറിയാം -അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.