ഹോട്ടലുകള്‍ മുറി നല്‍കിയില്ല; പാക് കുടുംബത്തിന് തെരുവില്‍ കഴിയേണ്ടിവന്നു

മുംബൈ: ഹോട്ടലുകളില്‍ മുറി നിഷേധിച്ചതിനെ തുടര്‍ന്ന് നഗരം കാണാനത്തെിയ ആറംഗ പാക് കുടുംബത്തിന് തെരുവില്‍ കഴിയേണ്ടിവന്നു. കറാച്ചിയില്‍ നിന്ന് എത്തിയ ശക്കീല്‍ അഹ്മദ്, സഹോദരി നൂര്‍ബാനു എന്നിവര്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്.

ഹാജി അലി ദര്‍ഗ സന്ദര്‍ശിക്കാനും ബോളീവുഡ് നടന്‍ സല്‍മാന്‍ ഖാനെ കാണാനുമാണ് ശക്കീല്‍ അഹ്മദും കുടുംബവും ബുധനാഴ്ച നഗരത്തില്‍ എത്തിയത്. ഒരാഴ്ച മുമ്പ് ജോധ്പുരിലത്തെി ബന്ധുക്കള്‍ക്ക് ഒപ്പം കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മുംബൈ സന്ദര്‍ശനം. ബുധനാഴ്ച ഹാജി അലി സന്ദര്‍ശനം കഴിഞ്ഞ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബിണ്ടി ബസാറിലും മുസാഫിര്‍ഖാന, ക്രാഫഡ് മാര്‍ക്കറ്റ് പ്രദേശങ്ങളിലും റൂം തേടിയപ്പോഴാണ് ദുരനുഭവമുണ്ടായത്. 40 ലേറെ ഹോട്ടലുകള്‍ കയറിയിറങ്ങിയ ശക്കീല്‍ അഹ്മദിന് ആരും മുറി കൊടുത്തില്ല. പാകിസ്താനി ആയതിനാലാണ് ഹോട്ടലുകാര്‍ മുറി നല്‍കാതിരുന്നതെന്ന് ശക്കീല്‍ അഹ്മദ് പറഞ്ഞു. പാകിസ്താനികള്‍ക്ക് മുറി നല്‍കാന്‍ അനുമതിയില്ളെന്നാണ് ഹോട്ടലുടമകള്‍ പറഞ്ഞതെന്ന് ശക്കീല്‍ അഹ്മദ് പറയുന്നു. ഒരു ഹോട്ടലുടമ താന്‍ പാകിസ്താനിയാണെന്ന് കേട്ടയുടന്‍ ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. സന്ദര്‍ശനത്തിനുള്ള വിസ ഇന്ത്യക്കു തരാമെങ്കില്‍ എന്തുകൊണ്ട് ഹോട്ടലുകള്‍ക്ക് മുറി നല്‍കിക്കൂടെന്നാണ് ശക്കീലിന്‍െറ ചോദ്യം. ഹോട്ടലുകള്‍ മുറി നിഷേധിച്ചതോടെ ജോധ്പുരിലേക്ക് മടങ്ങാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍, മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജോധ്പുരിലേക്കുള്ള ട്രെയിനുകളില്ല. റെയില്‍വേ പ്ളാറ്റ്ഫോമില്‍ കഴിയാന്‍ അനുവാദമില്ലാത്തതിനാല്‍ മൂന്ന് സ്ത്രീകളും ഏഴു വയസ്സുള്ള കുട്ടിയുമായി ശക്കീല്‍ തെരുവില്‍ റെയില്‍വേ സ്റ്റേഷനു പുറത്താണ് കഴിഞ്ഞത്. ഇവരെ കണ്ടത്തെിയ പൊലീസാകട്ടെ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനുപകരം മറ്റു യാത്രക്കാരെപ്പോലെ അവര്‍ക്കു ഇവിടെ സുരക്ഷിതരായി ഇരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഇവര്‍ ജോധ്പുരിലേക്ക് മടങ്ങി. ദുരനുഭവവുമായി മടങ്ങാന്‍ ആഗ്രഹമില്ളെന്നും എന്നാല്‍, ഇത്തരം അനുഭവങ്ങള്‍ പെട്ടെന്നു മറക്കാന്‍ കഴിയുകയില്ളെന്നും നൂര്‍ ബാനു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.